ലോക്ക് ഡൌൺ : കാര്‍ഷിക പ്രവൃത്തികള്‍ക്കും മഴക്കാല പൂര്‍വ്വ ശുചീകരണത്തിനും നിബന്ധനകള്‍ക്ക് വിധേയമായി ഇളവ്

കണ്ണൂർ : ജില്ലയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്ന സാഹചര്യത്തില്‍ കാര്‍ഷികവൃത്തികള്‍ക്കും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ജില്ലാ കലക്ടര്‍ അനുമതി നല്‍കി.
റബ്ബര്‍, കശുമാവ് തുടങ്ങിയ കാര്‍ഷിക പ്രവൃത്തികളും മഴക്കാല പൂര്‍വ്വ ശുചീകരണവും ഓട വൃത്തിയാക്കല്‍, മാലിന്യ നിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ട തൊഴിലുറപ്പ് പദ്ധതികള്‍, ലൈഫ് പദ്ധതിയില്‍പ്പെട്ട ഭവന നിര്‍മ്മാണ പ്രവൃത്തികള്‍ എന്നിവ പ്രവൃത്തികളുടെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് നടപ്പിലാക്കുന്നതിനാണ് അനുമതി നല്‍കിയത്.സാമൂഹിക അകലം, മാസ്‌ക് എന്നിവ ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിവേണം പ്രവൃത്തികള്‍ നടത്താന്‍.
ഓടകള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള മാലിന്യ നിര്‍മാര്‍ജ്ജന പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനായി അതിഥി തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. ജില്ലാ ലേബര്‍ ഓഫീസറും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും ചേര്‍ന്ന് പ്രവൃത്തി സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.