വിദേശത്തുനിന്ന് പ്രവാസികളെ എത്തിക്കുന്നതിൽനിന്ന് കണ്ണൂർ വിമാനത്താവളത്തെ ഒഴിവാക്കി കേന്ദ്ര സർക്കാർ
തിരുവനന്തപുരം: വിദേശത്തുനിന്ന് പ്രവാസികളെ എത്തിക്കുന്നതിൽനിന്ന് കണ്ണൂർ വിമാനത്താവളത്തെ ഒഴിവാക്കി കേന്ദ്ര സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ കാരണം കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് കേരളത്തിലുള്ളത്. പ്രവാസികളെ സ്വീകരിക്കുന്നതിനായി ഇവിടെ എല്ലാ സജീകരണങ്ങളും ഒരുക്കിയിരുന്നു. എന്നാൽ കണ്ണൂർ വിമാനത്താവളത്തെ കേന്ദ്രം ഒഴിവാക്കി. ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
കണ്ണൂർ വിമാനത്താവളം വഴി നാട്ടിലെത്തേണ്ട ആയിരങ്ങളുണ്ട്. 69,000-ൽ അധികം പേർ കണ്ണൂരിൽ ഇറങ്ങണമെന്നാണ് ആവശ്യപ്പെട്ടത്. മറ്റിടങ്ങളിൽ ഇറങ്ങിയാൽ അവർക്ക് ബുദ്ധിമുട്ടുണ്ടാകും. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആദ്യഘട്ടത്തിൽ വിദേശത്തുനിന്ന് കൊണ്ടുവരുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ് എന്നാണു സൂചന. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ 2250 പേർ എത്തും. കേന്ദ്ര സർക്കാർ ആകെ കേരളത്തിലേക്കു കൊണ്ടുവരുന്നത് 80000 പേരെയാണ്.