കാര്‍ഷിക പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണം: ഡിപിസി

കണ്ണൂർ :കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനുതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി ഓരോ തദ്ദേശസ്ഥാപനവും അനുയോജ്യമായ പരിപാടികള്‍ തയ്യാറാക്കി ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ നിലവില്‍ അംഗീകരിച്ച പദ്ധതികളില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന രീതിയില്‍ ഭേദഗതി വരുത്തണമെന്നും ആസൂത്രണ സമിതി ചെയര്‍മാന്‍കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.


വരാനിരിക്കുന്ന ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ട് തരിശ് ഭൂമികളെല്ലാം കൃഷിയോഗ്യമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എല്ലാ വീടുകളിലും പച്ചക്കറി കൃഷി ആരംഭിക്കണമെന്നും കൃഷിഭവന്‍ മുഖേന പച്ചക്കറി വിത്തുകളും തൈകളും ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അവശ്യ മരുന്നുകള്‍ക്കായി ബുദ്ധിമുട്ടുന്ന ഡയാലിസിസ്, ക്യാന്‍സര്‍ രോഗികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

കണ്ണൂര്‍ കോര്‍പ്പറേഷന്റെ 2020- 21 വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്ക് ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ആകെ 662 പദ്ധതികളാണ് യോഗം അംഗീകരിച്ചത്. പൊതുവിഭാഗത്തില്‍ 630 പദ്ധതികളും 28 പ്രത്യേക ഘടക പദ്ധതികളും നാല് പട്ടിക വര്‍ഗ ഉപപദ്ധതികളും ഇതില്‍ ഉള്‍പ്പെടും. ഒരു നൂതന പ്രൊജക്ടിനും ഏഴ് ദുരന്ത നിവാരണ പ്രൊജക്ടിനുമാണ് ഡിപിസി അംഗീകാരം നല്‍കി.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ആസൂത്രണ സമിതി അംഗങ്ങളായ കെ പി ജയബാലന്‍ മാസ്റ്റര്‍, വി കെ സുരേഷ് ബാബു, എം സുകുമാരന്‍, പി കെ ശ്യാമള ടീച്ചര്‍, കെ ശോഭ, ഇ പി ലത, കെ വി ഗോവിന്ദന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എ കെ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!