അതിഥി തൊഴിലാളികളുമായി കണ്ണൂരില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു; ബിഹാറിലേക്ക് മടങ്ങിയത് 1140 പേര്‍

കണ്ണൂർ : ‘ഗര്‍ ജാനേ കേലിയേ മൗഖാ മിലാ, ബഹുത് ഖുശീ ഹേ. ഏക് മഹീനേ ഹോഗയാ ഗര്‍ ജാനേ കേലിയേ സോച് രഹാതേ’- കണ്ണൂരില്‍ നിന്നും അതിഥി തൊഴിലാളികളുമായി പുറപ്പെടുന്ന ആദ്യ ട്രെയിനില്‍ തന്നെ നാട്ടിലേക്ക് മടങ്ങാന്‍ ആയതിന്റെ സന്തോഷത്തിലാണ് ബിഹാര്‍ പൂര്‍ണിയ സ്വദേശി ഖുര്‍ബാന്‍ ആലം. ലോക് ഡൗണ്‍ ആരംഭിച്ചതുമുതല്‍ ഭക്ഷണമുള്‍പ്പെടെ നല്‍കി തങ്ങള്‍ക്ക് സംരക്ഷണമേകിയ നാടിനോട് വിട പറയുമ്പോള്‍ ഖുര്‍ബാന്‍ നിറ കണ്ണുകളോടെ കൈകൂപ്പി.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1140 അതിഥി തൊഴിലാളികളാണ് സ്വദേശമായ ബീഹാറിലേക്ക് മടങ്ങിയത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വൈകിട്ട് ഏഴ് മണിക്കായിരുന്നു ആദ്യ സംഘം യാത്രയായത്. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

കോവിഡിന്റെ ഭീതിയില്‍ കഴിയുമ്പോള്‍ തങ്ങളെ സംരക്ഷിക്കുകയും വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്ത നല്‍കുകയും ചെയ്ത ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയത്. നാളെ ഒരു ട്രെയിന്‍ കൂടി ബീഹാറിലേക്ക് പുറപ്പെടും.
ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ 40 കെഎസ്ആര്‍ടിസി ബസ്സുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും 30 ബസ്സുകളും തലശ്ശേരി ഡിപ്പോയിലെ 10 ബസ്സുകളുമാണ് തൊഴിലാളികളെ എത്തിക്കാന്‍ ഉപയോഗിച്ചത്.
ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ 40 കെഎസ്ആര്‍ടിസി ബസ്സുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും 30 ബസ്സുകളും തലശ്ശേരി ഡിപ്പോയിലെ 10 ബസ്സുകളുമാണ് തൊഴിലാളികളെ എത്തിക്കാന്‍ ഉപയോഗിച്ചത്.

സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി 50 സീറ്റുകളുള്ള ബസ്സില്‍ 30 പേരുമായിട്ടായിരുന്നു യാത്ര. കണ്ണൂര്‍ കോര്‍പ്പറേഷനു പുറമെ അഴീക്കോട്, ചെമ്പിലോട്, ചിറക്കല്‍, നാറാത്ത്, പാപ്പിനിശ്ശേരി, വളപട്ടണം, കൊളച്ചേരി, ധര്‍മ്മടം, കൂടാളി പഞ്ചായത്തുകളില്‍ നിന്നുമായി 1140 പേരാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ചൊവ്വാഴ്ച രാവിലെയാണ് ട്രെയിന്‍ ബീഹാറിലെ സഹര്‍സ റെയില്‍വേ സ്റ്റേഷനില്‍ എത്തുക. സാമൂഹക അകലം പാലിച്ചുകൊണ്ടായിരുന്നു ട്രെയിനിലും ഇരിപ്പിടങ്ങള്‍ നല്‍കിയത്. 930 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.
തൊഴിലാളി ക്യാമ്പുകളില്‍ മെഡിക്കല്‍ പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവരെ ബസ്സുകളില്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. തൊഴിലാളികള്‍ക്ക് യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണം ജില്ലാഭരണകൂടം ഏര്‍പ്പാടാക്കിയിരുന്നു. കുടുംബശ്രീ ജില്ലാ മിഷന് ആണ് ഇതിന്റെ ചുമതല. ചപ്പാത്തി, പഴം, ബിസ്‌ക്കറ്റ്, വെള്ളം എന്നിവ ഉള്‍പ്പെട്ട കിറ്റാണ് അവര്‍ക്ക് നല്‍കിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, തഹസില്‍ദാര്‍ എം വി സജീവന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ വി ഷാജു, ജില്ലാ ലേബര്‍ ഓഫീസര്‍ ബേബി കാസ്‌ട്രോ, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്, ഡിവൈഎസ്പി പി പി സദാനന്ദന്‍, ടൗണ്‍ സി ഐ പ്രദീപന്‍ കണ്ണിപൊയില്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി ഡി സാജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, പൊലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ തൊഴിലാളികളെ യാത്രയാക്കാന്‍ എത്തിയിരുന്നു.
