ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് ; കണ്ണൂർ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി ;സ്ഥാപനങ്ങളും ഷോപ്പുകളും പ്രവർത്തിക്കുന്നത് സംബന്ധിച്ച നിബന്ധനകളുടെ വിശദമായ വിവരങ്ങൾ

കണ്ണൂർ : ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഫല പ്രാപ്തിയിലെത്തിക്കാന്‍ രോഗ വ്യാപനം തടയുന്നതിന് ജില്ലാ കലക്ടര്‍ പൊതുവായ  മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. രോഗ വ്യാപനം തടയുന്നതിനായി ഓരോ വ്യക്തിയും ജീവിതചര്യയില്‍ മാറ്റങ്ങള്‍ വരുത്തുകയും വ്യക്തി ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കുന്നതിന് ആവശ്യമായ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു. ഇതിന്റെ ഭാഗമായി പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.  സാനിറ്റൈസര്‍, ഹാന്‍ഡ്‌വാഷ് എന്നിവ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്നത്  ശീലമാക്കണം.

ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികളും അടിയന്തരമല്ലാത്ത യാത്രകളും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. 10 വയസ്സില്‍ താഴെയുള്ള കുട്ടികളും 65 വയസ്സിന് മുകളിലുള്ളവരും രോഗബാധയുള്ളവരും ഗര്‍ഭിണികളും വീടിന് പുറത്തിറങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.  സൗഹൃദ സന്ദര്‍ശനങ്ങളും ബന്ധു വീടുകളിലുള്ള സന്ദര്‍ശനങ്ങളും അടിയന്തിര ഘട്ടത്തില്‍ മാത്രമായി പരിമിതപ്പെടുത്തണം.

പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും മാസ്‌ക്, സാനിറ്റൈസര്‍, ഹാന്‍ഡ്‌വാഷ് സംവിധാനം നിര്‍ബന്ധമാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.  രോഗവ്യാപന സാധ്യത കണക്കിലെടുത്ത് അപരിചിതരായ വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ട സാഹചര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം.

ഹോട്ട് സ്‌പോട്ടുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ അനുവദിച്ച ഇളവുകള്‍

കടകള്‍, ഒറ്റനില വ്യാപാര സമുച്ചയങ്ങള്‍

മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസര്‍, ഹാന്‍ഡ്‌വാഷ് ഉള്‍പ്പെടെയുള്ള ശുചീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന വ്യവസ്ഥയില്‍ ചുവടെ ചേര്‍ത്ത സ്ഥാപനങ്ങള്‍ക്കും ഷോപ്പുകള്‍ക്കും നിബന്ധനകളോടെ പ്രവര്‍ത്തിക്കാം. സ്ഥാപനങ്ങള്‍ (ടൊയ്‌ലെറ്റ് ഉള്‍പ്പെടെ) യഥാസമയം അണുവിമുക്തമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കേണ്ടതാണ്.

കടകളും കച്ചവട സ്ഥാപനങ്ങളും ഹോം ഡെലിവറി, ടോക്കണ്‍ സംവിധാനം, ഫോണിലൂടെ സന്ദര്‍ശന സമയം നിശ്ചയിക്കുന്ന സംവിധാനം എന്നിവ ഫലപ്രദമായി നടപ്പിലാക്കേണ്ടതാണ്. സാധനങ്ങള്‍ വാങ്ങുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്താം.

കടകളില്‍ ഒരേ സമയത്ത് സാമൂഹിക അകലം പാലിച്ച് പരമാവധി 5 പേര്‍ മാത്രമേ പാടുള്ളൂ.  വ്യാപാര സമുച്ചയങ്ങളില്‍ ഒരു ദിവസം 50 ശതമാനം ഷോപ്പുകള്‍ മാത്രം തുറന്ന് പ്രവര്‍ത്തിക്കാം. ഏതൊക്കെ ഷോപ്പുകള്‍ തുറക്കണമെന്ന് കടഉടമകളുടെ കൂട്ടായ്മയിലൂടെ നിശ്ചയിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയുടെ അനുമതിയോടെ തീരുമാനിക്കാം.

ഹോട്ടലുകള്‍,  റസ്റ്റോറന്റുകള്‍

ഹോം ഡെലിവറി സംവിധാനവും, പാഴ്‌സല്‍ മാര്‍ഗ്ഗവും മാത്രം ഉപയോഗപ്പെടുത്തി ഭക്ഷണ വിതരണം നടത്താവുന്നതാണ്.  ഹോട്ടലുകളില്‍/റസ്റ്റോറന്റുകളില്‍ വെച്ച് ഭക്ഷണം കഴിക്കുന്ന രീതി അനുവദനീയമല്ല.

ആശുപത്രികള്‍

ആശുപത്രികളില്‍ അടിയന്തിര  ചികിത്സക്ക്  വരുന്നവര്‍ക്ക് ഒഴികെ ടോക്കണ്‍ സംവിധാനവും ഫോണ്‍ മുഖാന്തിരമുള്ള സന്ദര്‍ശന സമയം നിശ്ചയിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം. ഒരേ സമയം സന്ദര്‍ശകരായി 10 പേര്‍ മാത്രമേ പാടുള്ളൂ. ആശുപത്രികളില്‍ ചികില്‍സക്ക് വരുന്നവര്‍ക്കിടയില്‍ രോഗവ്യാപനമില്ലാതിരിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്.

വ്യവസായ സ്ഥാപനങ്ങള്‍ (ഖാദി, കൈത്തറി ഉള്‍പ്പെടെ)

എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കുന്നതോടൊപ്പം ഒരോ ദിവസവും സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ തൊഴിലാളികളെ മാത്രം ഉപയോഗപ്പെടുത്തി തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിക്കേണ്ടതാണ്.

തോട്ടങ്ങള്‍, കാര്‍ഷികമേഖല

തോട്ടങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളില്‍  പരിമിതമായ തൊഴിലാളികളെ മാത്രം ഉപയോഗപ്പെടുത്തി പ്രവൃത്തി നടത്താവുന്നതാണ്.

നിര്‍മ്മാണ മേഖല

ദുരന്തനിവാരണ പ്രവൃത്തികള്‍, റോഡ് പണികള്‍, ഭവന നിര്‍മ്മാണം മറ്റ് അടിയന്തിര സ്വഭാവമുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ എന്നിവയ്ക്കായി പരിമിതമായ തൊഴിലാളികളെ മാത്രം ഉപയോഗപ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്.  സാധന സാമഗ്രികള്‍ വാഹനങ്ങള്‍ വഴി കൊണ്ടുപോകാവുന്നതാണ്.

ക്വാറികള്‍

നിയമം അനുശാസിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ടും പരിമിതമായ തൊഴിലാളികളെ മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ടും പ്രവൃത്തി നടത്താവുന്നതാണ്.

ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍

ഹെയര്‍ കട്ടിംഗ്, ഹെയര്‍ ഡ്രസ്സിംഗ്, ഷേവിംഗ് തുടങ്ങിയ പ്രവൃത്തികള്‍ എസി ഉപയോഗിക്കാതെ നടത്താവുന്നതാണ്.  ഈ സ്ഥാപനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ ഒരേ സമയം കാത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്. ടെലഫോണ്‍ മുഖാന്തിരം സന്ദര്‍ശന സമയം നിശ്ചയിക്കുന്ന സംവിധാനം ഉപയോഗപ്പെടുത്തേണ്ടതാണ്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍

സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവൃത്തിക്കേണ്ടതാണ്.

വിവാഹം, മരണാന്തര ചടങ്ങ്

വിവാഹച്ചടങ്ങ് 50 പേരിലും, വിവാഹ അനുബന്ധ ചടങ്ങുകള്‍ 10 പേരിലും മരണാനന്തര ചടങ്ങുകള്‍ 20 പേരിലും അധികരിക്കാതെ സംഘടിപ്പിക്കേണ്ടതാണ്.

മാര്‍ക്കറ്റുകള്‍

മാര്‍ക്കറ്റുകളില്‍ സാമൂഹിക അകലം പാലിക്കുന്നതിനും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം നിര്‍ബന്ധമാക്കുന്നതിനും ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കുന്നതിനും നിര്‍ബന്ധമായും അതാത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും പോലീസും ചേര്‍ന്ന് ക്രമീകരണം ഏര്‍പ്പെടുത്തേണ്ടതാണ്.

ആരാധനാലയങ്ങള്‍, മാളുകള്‍, സിനിമാശാലകള്‍, ജിംനേഷ്യം, പാര്‍ക്കുകള്‍ മറ്റ് വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിലവിലുള്ള നിയന്ത്രണം തുടരുന്നതാണ്.  കൂടാതെ എല്ലാ കൂട്ടായ്മകളും ആള്‍ക്കൂട്ടം കൂടുന്ന പൊതുപരിപാടികളും നടത്തുന്നതിന് നിലവിലുള്ള നിരോധനം തുടരും.
ഹോട്ട് സ്‌പോട്ടുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നതായിരിക്കും.

ലോക്ഡൗണുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ 2005 ലെ ദുരന്ത നിവരാണ നിയമത്തിന്റെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും, ഇന്ത്യന്‍ പീനല്‍ കോഡിന്റെ 188-ാം വകുപ്പിന്റ് പ്രകാരവും, ഉചിതമായ മറ്റ് ചട്ടങ്ങള്‍ പ്രകാരവും നിയമ നടപടി സ്വീകരിക്കുമെന്നും കണ്ണൂർ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

error: Content is protected !!