കോഴിക്കോട് ബഹ്റൈനില്‍ നിന്നെത്തിയ മുപ്പത്തിയേഴുകാരന് കോവിഡ് :ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതയില്‍

കോഴിക്കോട് : കോഴിക്കോട് ബഹ്റൈനില്‍ നിന്നെത്തിയ മുപ്പത്തിയേഴുകാരന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതയില്‍. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ ഇയാളെ രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ അറിയിച്ചു.

ഈ മാസം പന്ത്രണ്ടിനാണ് വടകര സ്വദേശിയായ യുവാവ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇതോടെ ഇയാളെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് സ്രവ സാമ്പിള്‍ പരിശോധനക്കയച്ചു. ഈ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇതോടെ ജില്ലയില്‍ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 25 ആയി. ഇതില്‍ 24 പേരും രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.

ഒരു മലപ്പുറം സ്വദേശി കൂടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ബഹ്റൈനില്‍ നിന്നെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വിദേശത്തു നിന്നെത്തി വീടുകളില്‍ കഴിയുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരം ഇവരുമായി ബന്ധപ്പെടുന്നുണ്ട്.

error: Content is protected !!