രാജ്യത്ത് 24 മണിക്കൂറിനിടെ 8,380 കൊവിഡ് ബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ശനിയാഴ്ച മാത്രം കൊവിഡ് പോസിറ്റീവായത് 8380 പേര്‍. 8000 ത്തില്‍ കൂടുതല്‍ പേര്‍ക്ക് ഇന്ത്യയില്‍ ഒറ്റദിവസം രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,82,143 ആയി.

ഇന്നലെ മാത്രം 193 പേര്‍ മരിച്ചതോടെ മരണസംഖ്യ 5000 കടന്നു. 5164 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച്‌ ഇന്ത്യയില്‍ മരിച്ചത്.കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്.

രാജ്യത്ത് കൊവിഡ് രോഗബാധ ഇരട്ടിക്കുന്നതിന്റെ സമയം കൂടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 13.3 ദിവസത്തില്‍നിന്ന് 15.4 ദിവസം എടുത്താണ് കൊവിഡ് രോഗം ഇരട്ടിക്കുന്നത്. രാജ്യത്ത് രോഗമുക്തി നിരക്ക് നേടുന്നത് വര്‍ധിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കാനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നാലാംഘട്ടം ഇന്ന് അവസാനിക്കുകയാണ്.

മഹാരാഷ്ട്ര തന്നെയാണ് രോഗം ബാധിച്ച സംസ്ഥാനങ്ങളില്‍ മുന്നില്‍. 62,228 പേര്‍ രോഗബാധിതരായി, 2,098 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 20,246 ആയി. ന്യൂഡല്‍ഹിയില്‍ 17,386, ഗുജറാത്തില്‍ 15,934, രാജസ്ഥാനില്‍ 8365, മധ്യപ്രദേശില്‍ 7645, ഉത്തര്‍പ്രദേശില്‍ 7284 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം. അസമില്‍ കൊവിഡ് കേസുകള്‍ 895 ആയി. ബംഗാള്‍ (4813), തെലങ്കാന (2425), പഞ്ചാബ് (2197), ജമ്മു കശ്മീര്‍ (2164), ബിഹാര്‍ (3376), ആന്ധ്രപ്രദേശ് (3436) എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം കൂടി.

error: Content is protected !!