കോവിഡ് : പരീക്ഷ കേന്ദ്രങ്ങളിൽ മുൻ കരുതൽ നടപടികൾക്കു നിർദേശം; വിശദ വിവരങ്ങൾ

കണ്ണൂർ : കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എസ് എസ് എൽ സി, ഹയർ സെക്കണ്ടറി, വി എച്‌ എസ് ഇ പരീക്ഷ കേന്ദ്രങ്ങളില്‍ ആരോഗ്യ സംബന്ധമായ മുന്‍കരുതല്‍ എടുക്കുന്നതിനും സമയബന്ധിതമായും ,സുരക്ഷിതമായും പരീക്ഷ നടതുന്നതിനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു കലക്ടർ ഉത്തരവായി.

മാറ്റിവെയ്ക്കപ്പെട്ട എസ് എസ് എൽ സി, ഹയർ സെക്കണ്ടറി, വി എച്‌ എസ് ഇ പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെയായാണ് നടക്കുന്നത്. ജില്ലയില്‍ ആകെ 1,04,064 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.എസ് എസ് എൽ സിക്ക് 203 പരീക്ഷാ കേന്ദ്രങ്ങളിലായി 33737 കുട്ടികളും, ഹയർ സെക്കണ്ടറിക്ക് 157 പരീക്ഷാ കേന്ദ്രങ്ങളിലായി 67427( പ്ലസ് 1-30350 + പ്ലസ് 2-33924), വി എച്‌ എസ് ഇക്ക് – 19 പരീക്ഷാ കേന്ദ്രങ്ങളിലായി 2900 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.

ആരോഗ്യ വകുപ്പ് അനുശാസിക്കുന്ന എല്ലാ അടിസ്ഥാന സൌകര്യങ്ങളും സുരക്ഷ ക്രമീകരണങ്ങളും പരീക്ഷ കേന്ദ്രങ്ങളില്‍ ലഭ്യമാണെന്ന് സ്ക്കൂള്‍ പി ടി എ യുടെ പരിപൂര്‍ണ്ണ പങ്കാളിത്തത്തോടുകൂടി തദ്ദേശ സ്വയം ഭരണ സ്ഥാപനം ഉറപ്പുവരുത്തേണ്ടതാണെന്ന് ഉത്തരവിൽ വ്യകത്മാക്കി.

നിർദ്ദേശങ്ങൾ

പരീക്ഷ കേന്ദ്രങ്ങളില്‍ തെര്‍മ്മല്‍ സ്കാനിംഗ് ഉള്‍പ്പെടയുള്ള പരിശോധന നടത്തുന്നതിലേക്കായി രണ്ട് ഫീല്‍ഡ് ലവല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പുവരുത്തണം.

പരീക്ഷ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കണം.

ഹോം ക്വാറന്റൈനിലുള്ള വീടുകളിൽ നിന്നും വരുന്ന കുട്ടികളുടെ വിവരങ്ങള്‍ വാര്‍ഡ് ജാഗ്രത സമിതി ബന്ധപ്പെട്ട സ്ക്കൂള്‍ അധികാരികളെ 25 ന് 2 മണിക്ക് മുന്‍പായി അറിയിക്കണം.

ഹോം ക്വാറന്റൈന്‍ ആക്കപ്പെട്ട വീടുകളില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് ട്രിപ്പിള്‍ ലയര്‍ മാസ്ക്ക് ലഭ്യമാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടിമാര്‍ ഉറപ്പുവരുത്തണം.

എല്ലാ വാര്‍ഡുതല സമിതിയും/ സ്ക്കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള സുരക്ഷ ക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ടുള്ള യാത്ര സൌകര്യം ഉറപ്പുവരുത്തേണ്ടതാണ്.

ആവശ്യമായ സുരക്ഷ സംവിധാന ഒരുക്കുന്നതിനും, പരീക്ഷ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിനും ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കേണ്ടതാണ്.

ഈ നിര്‍ദ്ദേശങ്ങൾ പാലിച്ചാണ് പരീക്ഷകള്‍ നടക്കുന്നതെന്ന് വിദ്യാഭ്യാസ ഉപ.ഡയറക്ടര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും ജില്ലാ കലക്ടര് ടി വി സുഭാഷ് ഉത്തരവിൽ നിർദേശിച്ചു.

error: Content is protected !!