സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു: കണ്ണൂരിൽ 10 പേർക്ക്

തിരുവനന്തപുരം: ഇന്ന് കേരളത്തിൽ 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3 പേർക്ക് രോഗമുക്തി. അഞ്ച് പേരൊഴിച്ച് പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണ്. തെലങ്കാന സ്വദേശിയായ ഒരാളും ഇന്ന് കേരളത്തിൽ വച്ച് കൊവിഡ് ബാധ മൂലം മരിച്ചു.

31 പേർ വിദേശത്ത് നിന്നും 48 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തി. മൂന്ന് പേർക്ക് നെഗറ്റീവായി. ഒരു മരണം കൂടിയുണ്ടായി. തെലങ്കാന സ്വദേശിയാണ് മരിച്ചത്. തെലങ്കാനയിലേക്ക് പോകേണ്ട അദ്ദേഹവും കുടുംബവും 22 ന് രാജസ്ഥാനിൽ നിന്നുള്ള ട്രെയിനിൽ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തിയതാണ്. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: കാസർഗോഡ് – 18, പാലക്കാട് – 16,കണ്ണൂർ – 10,മലപ്പുറം – 8,തിരുവനന്തപുരം – 7,തൃശൂർ – 7,കോഴിക്കോട് – 6,പത്തനംതിട്ട – 6,കോട്ടയം – 3,കൊല്ലം – 1,ഇടുക്കി – 1,ആലപ്പുഴ – 1 എന്നിങ്ങനെയാണ്

പോസിറ്റീവായവരിൽ 31 പേർ മഹാരാഷ്ട്രയിൽ നിന്ന് വന്നവരാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒന്ന് വീതം നെഗറ്റീവായി. ഇതുവരെ 1088 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 526 പേർ നിലവിൽ ചികിത്സയിലാണ്. 1,15,297 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,14,305 പേർ വീടുകളിലോ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലോ ആണ്. 210 പേരെ ആശുപത്രിയിൽ ഇന്ന് പ്രവേശിപ്പിച്ചു. 60,685 സാമ്പിളുകൾ പരിശോധിച്ചതിൽ 58,460 എണ്ണം നെഗറ്റീവായി. മുൻഗണനാ വിഭാഗത്തിലെ 9937 സാമ്പിളുകൾ ശേഖരിച്ചതിൽ 9217 എണ്ണം നെഗറ്റീവാണ്. ആകെ 82 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. പുതുതായി ആറ് ഹോട്ട്സ്പോട്ട്. കാസർകോട് മൂന്നും പാലക്കാട് രണ്ടും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയും.

ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് പാലക്കാട്ടാണ്. 105 പേ‍ർ. തൊട്ടുപിന്നിൽ കണ്ണൂർ 93, കാസർകോട് 63 എന്നിങ്ങനെയാണ് കണക്ക്.

സന്നദ്ധപ്രവർത്തകർ തയ്യാറാകണം

കൊവിഡിനെതിരെ ജനങ്ങൾ ഒരുമിച്ച് നിന്നാണ് പൊരുതുന്നത്. സാമൂഹിക സന്നദ്ധ സേനയിലെ വളണ്ടിയർമാർ തികഞ്ഞ അർപ്പണ ബോധത്തോടെ രംഗത്തുണ്ട്. പ്രാദേശിക തലത്തിൽ പൊലീസിനൊപ്പം പട്രോളിങിലും മറ്റും അവർ പങ്കാളികളാണ്. അവശ്യ മരുന്നുകളെത്തിക്കുക, ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുക തുടങ്ങിയ സേവനങ്ങൾ നടത്തുന്നു. ‘വയോമിത്രം’ പ്രവർത്തനത്തിലും പങ്കാളികളാകുന്നു. ദുരന്ത പ്രതിരോധത്തിൽ യുവജന ശക്തിയെ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സേനയെ രൂപീകരിച്ചത്. ജനസംഖ്യയിലെ നൂറ് പേർക്ക് ഒരു വളണ്ടിയർ എന്ന കണക്കിൽ 3.40 ലക്ഷം പേരുടെ സേന രൂപീകരിക്കാനാണ് ലക്ഷ്യമിട്ടത്. 3.37 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സാമൂഹിക സന്നദ്ധ സേനയുടെ സാന്നിധ്യമുണ്ട്.

രോഗപ്രതിരോധത്തിന് വാർഡ് തല സമിതിയിൽ വളണ്ടിയർമാർ പ്രവർത്തിക്കണം. തദ്ദേശ സ്ഥാപനങ്ങളാണ് ഇത് ഏകോപിപ്പിക്കേണ്ടത്. അഗ്നിരക്ഷാ സേനയ്ക്കും പൊലീസിനുമൊപ്പം പ്രവർത്തിക്കണം. പ്രായോഗിക പരിശീലനം ലഭിക്കും. പ്രത്യേക പരിശീലനം നൽകുന്നതിനും പദ്ധതി തയ്യാറാക്കി. കൊവിഡിന്റെ ഭാഗമായ നിയന്ത്രണങ്ങളുള്ളതിനാൽ ഓൺലൈൻ പരിശീലനം നൽകും. ജൂൺ 15 ന് മുൻപ് 20000 പേർക്കും ജൂലൈയിൽ 80000 പേർക്കും ആഗസ്റ്റിൽ ഒരു ലക്ഷം പേർക്കും പരിശീലനം നൽകും.

മഴക്കാല കെടുതി നേരിടാനും സേനയുടെ സേവനം ഉപയോഗിക്കും. ഞായറാഴ്ചത്തെ ശുചീകരണത്തിൽ സന്നദ്ധസേനയും രംഗത്തുണ്ടാകും. 2018 ലെ പ്രളയത്തിലും 2019 ലെ കാലവർഷക്കെടുതിയിലും യുവജനങ്ങളുടെ പ്രവർത്തനം പ്രശംസ നേടിയിരുന്നു. ഈ അനുഭവത്തിന്റെ കൂടി സാഹചര്യത്തിലാണ് സന്നദ്ധസേനയെ ഉണ്ടാക്കിയത്. ഇത് മാതൃകയാവും. സേവന തത്പരരായി പ്രവർത്തിക്കുന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. ഇവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാനാവുമോ എന്ന് പരിശോധിക്കും.

സ്കൂളുകൾ ഫീസ് വാങ്ങരുത്

ഈ കാലം വളരെ പ്രത്യേകമായതാണ്. എല്ലാ മേഖലയിലും മാറ്റം വരുത്തേണ്ട കാലം. പഠനം പരമാവധി ഓൺലൈനാക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നതും ഇതിന്റെ ഭാഗമാണ്. എല്ലാ ജനങ്ങളും പ്രയാസം നേരിടുന്നു. തൊഴിൽ നഷ്ടപ്പെട്ടവരും വരുമാനം അടഞ്ഞവരുമെല്ലാമുണ്ട്. അത്തരക്കാരെ സഹായിക്കുക, ഭാരം ലഘൂകരിക്കുക എന്നിവയാണ് ലക്ഷ്യമാകേണ്ടത്. ഇതിനെല്ലാം വിരുദ്ധമായ പ്രവണതകൾ കാണുന്നു. അതിലൊന്നാണ് സ്വകാര്യ സ്കൂളുകൾ ഫീസ് കുത്തനെ കൂട്ടിയെന്ന പരാതി. വലിയ തുക ഫീസിനത്തിൽ ഉയർത്തുകയും അതടച്ചതിന്റെ രസീതുമായി വന്നാലേ അടുത്ത വർഷത്തേക്ക് പുസ്തകം തരൂ എന്ന് പറയുകയും ചെയ്ത സ്വകാര്യ സ്കൂളുകളുണ്ട്. ഇത് ദുർഘട ഘട്ടമായതിനാൽ ഒരു സ്കൂളും ഫീസ് വർധിപ്പിക്കരുത്. പുതിയ സാഹചര്യത്തിന് അനുസൃതമായി പഠന രീതി ക്രമീകരിക്കുക. വേണ്ട മാറ്റങ്ങൾ വരുത്തുക. ഇവയാണ് മേഖലയിൽ അടിയന്തിര പ്രാധാന്യത്തോടെ ചെയ്യേണ്ടത്.

വിദേശമദ്യവിൽപ്പന തുടങ്ങി

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ നിർത്തിയ വിദേശമദ്യ വിൽപ്പന പുനരാരംഭിച്ചു. ബെവ്ക്യു ആപ്പ് വഴി വെർച്വൽ ക്യൂ മാനേജ്മെന്റ് സംവിധാനത്തിലൂടെയാണ് വിൽപ്പന. ക്രമസമാധാന പ്രശ്നം ഉണ്ടായിട്ടില്ല. 2.25 ലക്ഷം പേരാണ് ആദ്യ ദിവസം ടോക്കൺ ഉപയോഗപ്പെടുത്തിയത്. സാങ്കേതിക തടസങ്ങൾ പരിഹരിച്ച് വെർച്വൽ ക്യു സംവിധാനം മുന്നോട്ട് കൊണ്ടുപോകാനാവും.

കേരളത്തിൽ സാമൂഹ്യവ്യാപനത്തിന്‍റെ തുടക്കമെന്ന് വിദഗ്ധസമിതി റിപ്പോ‍ർട്ട് നൽകിയ സാഹചര്യത്തിൽ ടെസ്റ്റിംഗ് നിരക്ക് കുത്തനെ കൂട്ടാൻ തന്നെയാണ് സർക്കാർ തീരുമാനം.

 

error: Content is protected !!