അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലെ മൂന്നാമത്തെ മെഡിക്കല്‍ സംഘവും ക്വാറന്റൈനിലേക്ക്

കണ്ണൂർ ;കഴിഞ്ഞ രണ്ടാഴ്ചക്കിടെ 18 പേര്‍ രോഗമുക്തി നേടിയതിന്റെ ആശ്വാസത്തിനൊപ്പം നിറഞ്ഞ സംതൃപ്തിയോടെയാണ് അഞ്ചരക്കണ്ടി കോവിഡ്19 ആശുപത്രിയിലെ മൂന്നാമത്തെ മെഡിക്കല്‍ സംഘവും നിരീക്ഷണത്തിലേക്ക് പോയത്. രോഗമുക്തരായി ഓരോരുത്തരും ആശുപത്രി വിടുമ്പോള്‍ അതിനു പിന്നില്‍ കോവിഡ് മഹാമാരിയെ പൂര്‍ണ്ണമായും പൊരുതി തോല്‍പ്പിക്കാനാകുമെന്ന ഇവരുടെ ശുഭാപ്തി വിശ്വാസവുമുണ്ടായിരുന്നു.

രണ്ടാഴ്ചക്കാലത്തോളം ആത്മവിശ്വാസത്തോടെയും സമര്‍പ്പണത്തോടെയും തങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ സംഘത്തിന് ഇനി പിപിഇ കിറ്റിനോട് കുറച്ച് കാലത്തേക്ക് വിട പറയാം. നോഡല്‍ ഓഫീസര്‍ ജോ. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഒമ്പത് ഡോക്ടര്‍മാര്‍, നാല് ഹെഡ് നഴ്‌സുമാര്‍, 19 സ്റ്റാഫ് നഴ്‌സുമാര്‍, 12 നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഒരു ലാബ് ടെക്‌നീഷ്യന്‍, ഒരു ഫാര്‍മസിസ്റ്റ്, ഒരു എക്‌സ്-റേ ടെക്നീഷ്യന്‍, 17 ക്ലീനിങ് സ്റ്റാഫ് എന്നിവര്‍ ഉള്‍പ്പെടുന്ന 66 പേരാണ് നിരീക്ഷണത്തിലേക്ക് പോയത്. വീടുകളിലും ഹോട്ടലുകളിലുമാണ് ഇവര്‍ നിരീക്ഷണത്തില്‍ കഴിയുക. ഇതിന് പിന്നാലെ പുതിയ സംഘം ഇന്ന് ഡ്യൂട്ടിയില്‍ പ്രവേശിച്ചു.

ആദ്യ രണ്ട് ഘട്ടങ്ങളെ അപേക്ഷിച്ച് ഇത്തവണ സ്ഥിതി കൂടുതല്‍ ആശ്വാസകരമാണെന്ന് ഇവര്‍ പറയുന്നു. നിരവധിപേര്‍ ആശുപത്രി വിടുകയും രോഗബാധിതരുടെ എണ്ണം കുറയുകയും ചെയ്യുന്നുണ്ട്. 17 പോസിറ്റീവ് കേസുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. എഴുപത്തിയഞ്ച് വയസ്സ് പ്രായമുള്ള കോവിഡ് ബാധിതന്‍ രോഗം ഭേദമായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടത് ഇവരുടെ സന്തോഷത്തിന് മാറ്റുകൂട്ടുന്നു. ഇനിയുള്ള 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞ് കൂടുതല്‍ കരുത്തോടെ കോവിഡിനോട് പൊരുതാന്‍ തിരിച്ചെത്തുമെന്ന ദൃഢനിശ്ചയതോടെയാണ് സംഘം ആശുപത്രി വിട്ടത്.

റമദാന്‍ മാസമായതിനാല്‍ നോമ്പ് അനുഷ്ഠിക്കുന്നവരും ഡ്യൂട്ടിയിലുണ്ടായിരുന്നു. പി പി ഇ കിറ്റിനുള്ളിലെ അസഹ്യമായ ചൂടും മറ്റ് ബുദ്ധിമുട്ടുകളും സഹിച്ച് ആത്മസമര്‍പ്പണത്തോടെ തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കാനായതിന്റെ ആനന്ദത്തിലാണ് ഇവരും.

error: Content is protected !!