രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു ;കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 70,756 ആയി ഉയര്‍ന്നു

ഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 70,756 ആയി ഉയര്‍ന്നു. 2,293 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. സാമൂഹ വ്യാപനമുണ്ടായിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന ഐസിഎംആര്‍ ഈ ആഴ്ച ആരംഭിക്കും. കേരളത്തില്‍ പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളില്‍ നിന്നാണ് ഇതിനായി സാമ്പിള്‍ ശേഖരിക്കുക.

അനുദിനം വർധിക്കുകയാണ് കോവിഡ് ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് അനിയന്ത്രിതമായി രോഗം പടരുന്നത്. മഹാരാഷ്ട്രയിൽ രോഗികള്‍ 24,427 ഉം മരണം 921 ആയി. ധാരാവിയിൽ രോഗബാധിതർ 962 ഉം മരണം 31 ഉം കടന്നു.

ഗുജറാത്തിൽ രോഗികൾ 8904 ഉം മരണം 537 ഉം ആയി. ഡൽഹിയിൽ 27 സിഐഎസ്എഫ് ജവാന്മാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 7639 മരണം 86 ഉം കടന്നു. അതോടൊപ്പം തമിഴ്‌നാടും മധ്യപ്രദേശും രാജസ്ഥാനും ആശങ്കയായി തുടരുന്നു.

രോഗമുക്തി നിരക്ക് ഉയരുന്നുണ്ടെന്നും മരണനിരക്ക് 3% ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഈയാഴ്ച ഐസിഎംആര്‍ ആരംഭിക്കും. രാജ്യത്തെ 69 ജില്ലകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് 10 ദിവസം കൊണ്ട് എലിസ ടെസ്റ്റ് നടത്തി പരിശോധന പൂർത്തിയാക്കാനാണ് നീക്കം. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളാണ് കേരളത്തിൽ നിന്നും സാമ്പിൾ ശേഖരിക്കുന്ന ജില്ലകളുടെ പട്ടികയിൽ ഉള്ളത്.

error: Content is protected !!