കോവിഡ്: പരീക്ഷക്ക് കര്‍ശന മുന്‍ കരുതല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് പൊലീസ് നിയന്ത്രണം

കണ്ണൂർ : കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി, വി എച് എസ് ഇ പരീക്ഷകള്‍ നടത്തുന്ന കേന്ദ്രങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കര്‍ശന സുരക്ഷാ മുന്‍കരുതല്‍. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരമുള്ള ക്രമീകരണങ്ങള്‍ക്കൊപ്പം പൊലീസിന്റെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷാ നടപടികളും ഒരുക്കിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് 500 മീറ്റര്‍ ചുറ്റളവില്‍ കടകള്‍ തുറക്കാന്‍ പാടില്ല. പരീക്ഷ എഴുതാനെത്തുന്ന കുട്ടികള്‍ പുറത്തുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നടപടി.

കണ്ടൈന്റ്‌മെന്റ് സോണിലുള്ള പരീക്ഷ കേന്ദ്രങ്ങളുടെ പരിസരം പോലീസ് ആക്ട് പ്രകാരം നിരോധനാജ്ഞയും ഏര്‍പ്പെടുത്തി. പരീക്ഷക്ക് എത്തുന്ന വിദ്യാര്‍ഥികള്‍, അവരുടെ രക്ഷിതാക്കള്‍ പരീക്ഷ ജോലിയിലുള്ള അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല. ഇവരല്ലാതെ ആരും സ്‌കൂള്‍ പരിസരത്ത് കൂട്ടം കൂട്ടുന്നത് അനുവദിക്കില്ല. ചൊവ്വാഴ്ച മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടക്കുന്നത്.
ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര എന്നിവര്‍ യോഗം ചേര്‍ന്ന് തയ്യാറെടുപ്പുകള്‍ വിലയിരുത്തി.


ആരോഗ്യ സംബന്ധമായ മുന്‍കരുതല്‍ എടുക്കുന്നതിനും സമയബന്ധിതമായും സുരക്ഷിതമായും പരീക്ഷ നടത്തുന്നതിനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെയും സ്‌കൂള്‍ അധികൃതരുടെയും പിടിഎയുടെയും നേതൃത്വത്തിലാണ് ഓരോ സ്‌കൂളുകളിലും ആവശ്യമായ ക്രമീകരണങ്ങള്‍ തയ്യാറാക്കിയത്.
സ്‌കൂളുകളില്‍ രണ്ടു ഘട്ടങ്ങളിലായുള്ള അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. ഓരോ ദിവസവും പരീക്ഷകള്‍ കഴിഞ്ഞാല്‍ അണുനശീകരണം നടത്തും. ഒരു ക്ലാസ്സില്‍ 20 വിദ്യാര്‍ഥികള്‍ എന്ന രീതിയിലാണ് പരീക്ഷ ഹാള്‍ ക്രമീകരണം.

പരീക്ഷ ദിവസം ആശവര്‍ക്കര്‍മാരുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് തെര്‍മല്‍ സ്‌കാനിംഗ് നടത്തും. പരിശോധന നടത്തുന്നതിനായി രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉണ്ടാകും. പനിയോ മറ്റ് അസുഖ ലക്ഷണങ്ങളോ കാണുന്നവരെ ഇരുത്താനായി പ്രത്യേക പരീക്ഷാ മുറികളും ഒരുക്കിയിട്ടുണ്ട്. ഹോം ക്വാറന്റൈനായ വീടുകളില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികളെയും പ്രത്യേകം മുറിയിലാണ് പരീക്ഷക്ക് ഇരുത്തുക. വിദ്യാര്‍ഥികള്‍ക്കാവശ്യമായ മാസ്‌കുകളും സാനിറ്റൈസറുകളും സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പി ടി എ യും വിവിധ സന്നദ്ധ സംഘടനകളും എന്‍സിസിയുമാണ് മാസ്‌കുകള്‍ തയ്യാറാക്കി നല്‍കിയത്.

വാഹന സൗകര്യം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ബസ്സും സ്വകാര്യ വാഹനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പ്രത്യേകം വിളിച്ച് ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയാണ് അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയതെന്ന് അധ്യാപകര്‍ പറഞ്ഞു. കുടിവെള്ളം വീടുകളില്‍ നിന്നും കൊണ്ടുവരാനുള്ള നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള ക്രമീകരണങ്ങളും തയ്യാറായി. വാഹന പാര്‍ക്കിംഗ് , പോലീസ് സഹായം എന്നിവയും ഉറപ്പാക്കിക്കഴിഞ്ഞു.

ജില്ലയില്‍ ആകെ 1,04,064 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. എസ് എസ് എല്‍ സി ക്ക് 203 പരീക്ഷാ കേന്ദ്രങ്ങളിലായി33737 കുട്ടികളുംഹയര്‍സെക്കണ്ടറിക്ക് 157 പരീക്ഷാ കേന്ദ്രങ്ങളിലായി 67427( പ്ലസ് 1-30350+പ്ലസ് 233924), വി എച്ച് എസ് ഇ ക്ക് 19 പരീക്ഷാ കേന്ദ്രങ്ങളിലായി 2900 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.

error: Content is protected !!