പ്രവാസികളുമായി കണ്ണൂരിലേക്കുളള ആദ്യ വിമാനം ഇന്നെത്തും

കണ്ണൂർ :വന്ദേ ഭാരത് മിഷന്റെ ഭാഗമായി കണ്ണൂരിലേക്കുളള ആദ്യ വിമാനം ഇന്നെത്തും. രാത്രി 7.10നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ദുബൈയില്‍ നിന്നും കണ്ണൂരിലെത്തുക. 180 പേരാണ് ആദ്യ വിമാനത്തില്‍ യാത്രക്കാരായുളളത്.

ആകെ യാത്രക്കാരില്‍ 109 പേരും കണ്ണൂര്‍ ജില്ലക്കാരാണ്. കാസര്‍കോഡ് 47, കോഴിക്കോട് 12, മലപ്പുറം 7, മാഹി 3, വയനാട്, തൃശൂര്‍ ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ എന്നിങ്ങനെയാണ് മറ്റ് യാത്രക്കാരുടെ എണ്ണം. 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കുക. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തും. എയറോഗ്രോമില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ഇതിനായി അഞ്ച് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ ഇവിടെ നിന്നും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കും.

വിമാനത്താവളത്തിന് പുറത്ത് ഓരോ ജില്ലക്കാര്‍ക്കും പ്രത്യേകമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒരുക്കിയിട്ടുണ്ടാകും. ഒരു ബസില്‍ 20 പേര്‍ക്കാണ് യാത്ര ചെയ്യാനാവുക. കണ്ണൂര്‍ ജില്ലക്കാരെ വിവിധ ക്വാറന്‍റെന്‍ കേന്ദ്രങ്ങളിലേക്കും മറ്റ് ജില്ലക്കാരെ അതാത് ജില്ലാ അതിര്‍ത്തി വരെയുമാണ് ബസില്‍ എത്തിക്കുക. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിന് താഴെയുള്ള കുട്ടികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാം. വിദേശത്ത് നിന്നെത്തുന്നവരെ ക്വാറന്‍റെന്‍ ചെയ്യുന്നതിനായി കണ്ണൂര്‍, തലശേരി എന്നിവിടങ്ങളില്‍ 500ഓളം ഹോട്ടല്‍ മുറികളും ജില്ലാ ഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്. പ്രവാസികളെ എത്തിക്കുന്നതിനുളള എയര്‍ഇന്ത്യ എക്സ്പ്രസിന്‍റെ വിമാനം രാവിലെ 10.30ഓടെ കണ്ണൂരില്‍ നിന്ന് ദുബൈയിലേക്ക് തിരിക്കും.

error: Content is protected !!