സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു: 3 പേരും വയനാട് ജില്ലക്കാർ ,കണ്ണൂരിന് ഇന്ന് ആശ്വാസം

തിരുവനന്തപുരം :
ഇന്ന് സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് കോവിഡ് രോഗവും വയനാട് ജില്ലയിലാണ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധിച്ചത്. ചെന്നൈയിൽ പോയി വന്ന വാഹനത്തിലെ ഡ്രൈവർക്ക് കോവിഡ് ബാധിച്ചു. ഇയാളുടെ അമ്മയ്ക്കും ഭാര്യക്കും പിന്നെ ക്ലീനറുടെ മകനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റിടങ്ങളിൽ പോയി വരുമ്പോൾ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ അയഞ്ഞാൽ ഉണ്ടാകുന്ന അപകടത്തിന്റെ സൂചനയാണിത്. ഇന്ന് ആരുടെ പരിശോധനാ ഫലവും നെഗറ്റീവല്ലായെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതുവരെ സംസ്ഥാനത്ത് 502 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 37 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് 21034 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 21034 പേര്‍ വീടുകളിലും രോഗലക്ഷണങ്ങളെ തുടര്‍ന്ന് 308 പേര്‍ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നുമാത്രം 80 പേരെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
33800 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 33265 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്നും പ്രവാസികള്‍ നാട്ടിലേക്ക് വരാനുള്ള നടപടികള്‍ക്ക് കേന്ദ്രം തുടക്കം കുറിച്ചതായും വളരെ കുറച്ചു പേരെ മാത്രമേ ആദ്യ ഘട്ടത്തിൽ എത്തിക്കാന്‍ സാധിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊച്ചി, കോഴിക്കോട്, തിരുലനന്തപുരം വിമാനത്താവളങ്ങളിൽ ആദ്യ അഞ്ച് ദിവസം 2250 പേരാകും എത്തുകയെന്നും ആകെ 80000 പേരാകും എത്തുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരിച്ചുവരുന്ന ആളുകളുടെ മുന്‍ഗണന പട്ടികയായി – തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കി നല്‍കാത്തവര്‍, ജയിൽ മോചിതര്‍, ഗര്‍ഭിണികള്‍, മാതാപിതാക്കളിൽ നിന്നും വേര്‍പെട്ടു നില്‍ക്കുന്ന കുട്ടികള്‍, കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ എന്നിവരെ പരിഗണിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.