കൊറോണ കെയര്‍ സെന്റര്‍ നടത്തിപ്പ്; നിബന്ധനകള്‍ പാലിക്കണം

കണ്ണൂർ : കൊറോണ കെയര്‍ സെന്ററുകളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് എഡിഎം ഇ പി മേഴ്‌സിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സെന്ററില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ കുഴിച്ചിടുകയും മാസ്‌ക് പോലുള്ള മാലിന്യങ്ങള്‍ കത്തിക്കുകയുമാണ് ചെയ്യുക. മാസ്‌ക്, ടിഷ്യൂസ് എന്നിവ 0.5% ഹൈപ്പോക്ലോറേറ്റ് സൊലൂഷനില്‍ പത്ത് മിനിറ്റ് നേരം മുക്കി വെച്ച് അണുവിമുക്തമാക്കി കത്തിച്ച് കളയാവുന്നതാണ്.

സെന്ററിലെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കണം. ഉപയോഗിക്കുന്ന ബെഡ്ഷീറ്റ്, തലയണ എന്നിവ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തി തന്നെ ഹൈപ്പോക്ലോറേറ്റ് സൊലൂഷനില്‍ പത്ത് മിനിറ്റ് മുക്കി വെച്ച് വൃത്തിയാക്കണം.നിരീക്ഷണം കഴിഞ്ഞ് മടങ്ങുമ്പോള്‍ അവ കൂടെ കൊണ്ട് പോകാനും നിര്‍ദ്ദേശമുണ്ട്. നിരീക്ഷണത്തിലേക്ക് പോകുമ്പോഴോ നിരീക്ഷണ കാലയളവ് കഴിഞ്ഞ് തിരിച്ചു പോകുമ്പോഴോ വ്യക്തിയുടെ ലഗേജ് വളണ്ടിയര്‍മാര്‍ കൈകാര്യം ചെയ്യരുത്. അവരുമായി ഇടപഴകേണ്ട അവസരങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മുറികളില്‍ ഇവര്‍ പ്രവേശിക്കരുത്. ആവശ്യമായ ഭക്ഷണം മറ്റ് സാധനങ്ങള്‍ എന്നിവ മുറിയുടെ പുറത്ത് വെച്ച് കൊടുക്കുക. നിരീക്ഷണ കാലയളവ് കഴിഞ്ഞ് വ്യക്തികള്‍ പോയതിന് ശേഷം ആ മുറി 72 മണിക്കൂര്‍ പൂട്ടിയിടുകയും ശേഷം അണുനശീകരണം നടത്തുകയും ചെയ്യും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി ചുമതലപ്പെടുത്തിയ ക്ലീന്‍ കേരള കമ്പനി 210 ടണ്‍ മാലിന്യങ്ങളാണ് ശേഖരിച്ചത്. ബാക്കിയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട ഓഫീസ് അധികൃതരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കാനും യോഗം നിര്‍ദ്ദേശിച്ചു.

ഏകീകൃത വിവരശേഖരണ സംവിധാനം ഏര്‍പ്പെടുത്തി ചെക്ക് പോസ്റ്റുകളിലെ പരിശോധന ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. ഉദ്യോഗസ്ഥരും യാത്രക്കാരും നേരിട്ട് ഇടപഴകുന്ന സാഹചര്യം ഒഴിവാക്കാന്‍ ഗ്ലാസ് കൊണ്ട് വേര്‍തിരിച്ചുള്ള സംവിധാനങ്ങളുമുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും എത്തിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കോവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം ആവശ്യമെങ്കില്‍ അടുത്തടുത്ത പഞ്ചായത്തുകള്‍ തമ്മില്‍ സഹകരിച്ച് നടത്ത#ാവുന്നതാണ്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം, മറ്റ് സംവിധാനങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കാന്‍ പഞ്ചായത്തുകള്‍ക്ക് തീരുമാനം എടുക്കാമെന്ന് യോഗത്തില്‍ അറിയിച്ചു.

എഡിഎമ്മിന്റെ ചേമ്പറില്‍ നടന്ന യോഗത്തില്‍ തഹസില്‍ദാര്‍മാരായ വി എം സജീവന്‍, സി വി പ്രകാശന്‍, കെ ബാലഗോപാലന്‍, രാജഗോപാലന്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ തളിപ്പറമ്പ് സി കെ ഷാജി,ഇരിട്ടി തഹസില്‍ദാര്‍(എല്‍ ആര്‍) എം എസ് ശിവദാസന്‍ ശുചിത്വമിഷന്‍ എഡിസി പി എം രാജീവ്, ജില്ലാ ലോ ഓഫീസര്‍ എന്‍ വി സന്തോഷ്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ ആര്‍ അജയകുമാര്‍, ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!