പ്രവാസികളുടെ മടങ്ങി വരവ്: മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം: പ്രവാസികളെ തിരിച്ചെത്തിക്കുമ്പോള്‍ സംസ്ഥാനം സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയാണെന്ന് ഇന്ന് മന്ത്രിസഭ നിര്‍ണായക ചര്‍ച്ച നടത്തും. മടങ്ങി എത്തുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് അടക്കമുളള കാര്യങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യും. രാവിലെ 10 മണിക്കാണ് യോഗം.

കൊവിഡ് പരിശോധനയില്ലാതെ പ്രവാസികളെ നാട്ടിലേക്ക് അയക്കുന്നതിലെ ആശങ്ക കേരളം വീണ്ടും കേന്ദ്രത്തെ അറിയിക്കും. നാളെ മുതല്‍ പ്രവാസികളെത്തുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങളെക്കുറിച്ച്‌ മന്ത്രിസഭാ യോഗം വിശദമായി ചര്‍ച്ച ചെയ്യും.

മാറ്റിവച്ച എസ്‌എസ്‌എല്‍സി പ്ലസ് ടു പരീക്ഷകളുടെ നടത്തിപ്പും ചര്‍ച്ചയായേക്കും. ഈ മാസം 21 മുതലോ അല്ലെങ്കില്‍ 26 മുതലോ പരീക്ഷകള്‍ നടത്തണമെന്ന ആലോചന വിദ്യാഭ്യാസ വകുപ്പിനുണ്ട്.

ലോക്ക് ഡൗണിലെ കൂടുതല്‍ ഇളവുകളും, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും മന്ത്രിസഭ പരിഗണിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നെങ്കിലും നിലവില്‍ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കേണ്ടെന്നാണ് തീരുമാനം. അതിനാല്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നേക്കില്ല.

 

error: Content is protected !!