എഴുത്തുകാരി വി വി രുഗ്മിണി അന്തരിച്ചു
തലശേരി: വനിതാ സാഹിതി മുന്‍ സംസ്ഥാന പ്രസിഡന്റും സാഹിത്ത്യകാരിയുമായ ധര്‍മടം ചിറക്കുനി ‘ അക്ഷരിയില്‍ ‘ വി വി രുഗ്മിണി (77) അന്തരിച്ചു. തലശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ 11മണിയോടെയാണ് അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏതാനും ആഴ്ചയായി ചികിത്സയിലായിരുന്നു. സംസ്‌ക്കാരം വൈകിട്ട് അഞ്ചുമണിക്ക് നടക്കും.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചു. സി പി ഐ എം ചിറക്കുനി ബ്രാഞ്ചംഗമാണ്. 1998 ല്‍ പാലയാട് ഗവ.ഹൈസ്കൂള്‍ മലയാളം അധ്യാപികയായി വിരമിച്ചു. മൃഗം എന്ന നോവലും അതെന്താ എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളില്‍ 50 ലേറെ ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച രാജ്ഞി എന്ന കഥ ശ്രദ്ധേയമായിരുന്നു.
ചരിത്ര ഗവേഷകനും എഴുത്തുകാരനും വിവര്‍ത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും നേടിയ പരേതനായ എം പി കുമാരന്‍ മാസ്റ്ററാണ് ഭര്‍ത്താവ്. മക്കള്‍: കെ ആര്‍ അജയകുമാര്‍ ( ശുചിത്വമിഷന്‍ കണ്ണൂര്‍ ജില്ലാ. അസി. കോ.ഓര്‍ഡിനേറ്റര്‍). കെ ആര്‍ അനുകുല്‍ ( ദേശാഭിമാനി, ചീഫ് സബ്ബ് എഡിറ്റര്‍, മലപ്പുറം).മരുമക്കള്‍: എം പി സുമിഷ (അധ്യാപിക, വടക്കുമ്ബാട് ഗവ. എച്ച് എസ് എസ്), ഇ ഡി ബീന (ജൂനിയര്‍ ഓഡിറ്റര്‍ സഹകരണ വകുപ്പ്).
സഹോദരങ്ങള്‍: വി വി ശോഭനകുമാരി (റിട്ട. കെഎസ്‌ഇബി), വി വി പ്രസന്നകുമാരി (റിട്ട. ബി എസ് എന്‍ എല്‍,സി ഐ ടി യു കേന്ദ്ര കമ്മിറ്റിയംഗം) ), വി വി ആനന്ദകൃഷ്ണന്‍ (റിട്ട. കണ്ണൂര്‍ സര്‍വ്വകലാശാല) , വി വി ശ്രീജയന്‍ (റിട്ട. എയര്‍ ഫോഴ്സ്, റിട്ട പഞ്ചായത്ത് വകുപ്പ്). പരേതനായ വി വി മുരളീധരദാസ് (ഭൂട്ടാനില്‍ അധ്യാപകനായിരുന്നു).