ചന്ദ്രമുഖി 2വിന്റെ അഡ്വാന്‍സ് തുക 3 കോടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ലോറന്‍സ്

ചെന്നൈ : ചന്ദ്രമുഖി 2വില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചുവെന്നും ചിത്രത്തിന് അഡ്വാന്‍സായി ലഭിച്ച 3 കോടി രൂപ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്‍കുകയാണെന്നും അറിയിച്ച് പ്രശസ്ത തമിഴ്നടനും കൊറിയോഗ്രാഫറുമായ രാഘവ ലോറന്‍സ്. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്.
പ്രധാനമന്ത്രിയുടെ പേരിലും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പേരിലുമുള്ള ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം വീതവും, സിനിമാസംഘടനയായ ഫെഫ്‌സിയിലേക്ക് 50 ലക്ഷവും നര്‍ത്തകരുടെ യൂണിയനിലേക്ക് 50 ലക്ഷം, ശാരീരിക വൈകല്യമുള്ളവര്‍ക്ക് 25 ലക്ഷം, ലോറന്‍സിന്റെ ജന്മസ്ഥലമായ ദേസീയനഗറിലെ റോയപുരത്തെ തൊഴിലാളികള്‍ക്ക് 75 ലക്ഷം രൂപ എന്നിങ്ങനെയാണ് ലോറന്‍സ് സംഭാവന നല്‍കുന്നത്.
തലൈവരുടെ ചിത്രമായ ചന്ദ്രമുഖി 2വാണ് തന്റെ അടുത്ത ചിത്രമെന്നും അഭിനയിക്കാന്‍ അവസരം നല്‍കിയ രജനി സാറിനോടും സംവിധായകന്‍ പി.വാസുവിനോടും ഭാഗ്യനിര്‍മ്മാതാവ് സണ്‍ പിക്ചേഴ്സ് കലൈനിധി മാരനോടും നന്ദി പറയുന്നതായി ലോറന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.