അനുമതിയോടെ അതിര്‍ത്തി കടന്നിട്ടും മംഗളൂരുവില്‍ മലയാളിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

കാസര്‍കോട്: കാസർകോട് അതിർത്തിയിൽ മെഡിക്കൽ സംഘം പരിശോധിച്ച് അനുമതി നൽകിയ രോഗിക്ക് മംഗളൂരു ആശുപത്രി ചികിത്സ നിഷേധിച്ചതായി പരാതി. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയാണ് രോഗിക് ചികിത്സ നിഷേധിച്ചത്. ആശുപത്രിയിൽ ഒന്നര മണിക്കൂർ കാത്തിരുന്നിട്ടും ഡോക്ടർ പരിശോധിച്ചില്ലെന്ന് ആരോപണം.
നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലേക്ക് പോകാനും രോഗിയെ അനുവദിച്ചില്ല. ഇതോടെ വന്ന ആംബുലന്‍സില്‍ ഇവര്‍ കേരളത്തിലേക്ക് മടങ്ങി. ഉച്ചയോടെയാണ് തളങ്കര സ്വദേശിയായ രോഗി തലപ്പാടിയിലെത്തിയത്. തലയില്‍ രക്തം കട്ടപിടിച്ചതാണ് അസുഖം.
കേരള മെഡിക്കല്‍ സംഘം പരിശോധിച്ച് നല്‍കിയ രേഖകളുമായി ഇവരും കൂടെയുള്ള ആളും ആംബുലന്‍സില്‍ കര്‍ണാടക അതിര്‍ത്തിയിലേക്ക് നീങ്ങി. കര്‍ണാടക മെഡിക്കല്‍ സംഘത്തിന്റെ പരിശോധനക്ക് ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോയി.
കോവിഡ് ബാധിതയല്ലെന്ന രേഖകള്‍ക്ക് പുറമെ 10 നിബന്ധനകള്‍ കൂടി പാലിക്കുന്ന രോഗികള്‍ക്ക് മാത്രമാണ് മംഗളൂരുവിലേക്ക് പ്രവേശനം. ഇവര്‍ക്ക് ആവശ്യമുള്ള ചികിത്സ കാസര്‍കോടും കണ്ണൂരിലും ലഭ്യമല്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. കൂടെ മംഗളൂരുവില്‍ നേരത്തെ ചികിത്സ നടത്തിയതിന്റെ രേഖകളും ഹാജരാക്കണം. ഇതിന് ശേഷമേ കടത്തിവിടൂ. അതേസമയം, അപകടത്തില്‍ പെട്ടവര്‍ക്കും അത്യാസന്ന നിലയിലുള്ളവര്‍ക്കും ഇത് പ്രായോഗികല്ലെന്ന് വിമര്‍ശനമുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ചികിത്സ തേടി കാസര്‍കോടും കാഞ്ഞങ്ങാടും പോകേണ്ടി വരുന്നതും കൂടുതല്‍ പ്രയാസം ഉണ്ടാക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ ഇളവ് നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് അതിര്‍ത്തി കടന്നു പോയവര്‍ക്ക് പോലും ചികിത്സ നിഷേധിക്കപ്പെട്ടിരിക്കുന്നത്.