പ്രവാസികള്‍ എവിടെയാണോ അവിടെ തുടരണം: ഇപ്പോള്‍ തത്കാലം തിരിച്ചെത്തിക്കില്ല, സുപ്രീം കോടതി

ന്യൂഡല്‍ഹി: വിദേശത്ത് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തത്കാലം തിരിച്ചെത്തിക്കില്ല. വിദേശത്തുള്ളവരെ തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. പ്രവാസികളെ തല്‍ക്കാലം തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. യാത്ര അനുവദിച്ചാല്‍ നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ യാത്രാവിലക്കിനു വിരുദ്ധമാകും. ഹര്‍ജികള്‍ നാല് ആഴ്ചത്തേക്കു മാറ്റിവച്ചു.

എം കെ രാഘവന്‍ എം പിയും പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയുമാണ് ഗള്‍ഫിലെ പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. കൊവിഡ് വൈറസ് പടരുന്നതിനെ തുടര്‍ന്ന് പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും അതിനുള്ള പരിഹാരങ്ങളെ സംബന്ധിച്ചും ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്ന ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറാന്‍ എം കെ രാഘവനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഈ നിര്‍ദേശങ്ങളില്‍ സ്വീകരിച്ച നടപടി നാലാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിക്കണം.

വിദേശത്തുനിന്ന് എത്തുന്നവരിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ യാത്രാവിലക്ക് ഏര്‍പെടുത്തിയത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമേ യുഎസ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലും ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. അവരെയും തിരികെയെത്തിക്കണമെന്നും ആവശ്യമുണ്ട്. ഇവരെയൊക്കെ ഇപ്പോള്‍ ഇന്ത്യയിലെത്താന്‍ അനുവദിച്ചാല്‍ അതു രോഗവ്യാപനത്തിനു കാരണമായേക്കും. അങ്ങനെ സംഭവിച്ചാല്‍ നിലവിലെ ലോക്ഡൗണും യാത്രാവിലക്കും ലക്ഷ്യങ്ങളും തകിടം മറിയാന്‍ ഇടയാകും.

പ്രവാസികള്‍ ഉള്ള രാജ്യങ്ങളില്‍ ചികിത്സാ സൗകര്യങ്ങളുള്‍പ്പെടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം. അക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രവാസികളെ ഇപ്പോള്‍ നാട്ടിലെത്തിക്കുന്നതു പ്രായോഗികമായി തെറ്റായ കാര്യമാണെന്നും എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം ഹര്‍ജിയിലെ ആവശ്യങ്ങള്‍ കോടതി പൂര്‍ണമായി തള്ളിയിട്ടില്ല. ഒരു മാസം കഴിഞ്ഞ് ഇടപെടല്‍ വേണമെങ്കില്‍ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

error: Content is protected !!