സാലറി ചാലഞ്ചിലെ മനുഷ്യത്വം : കണ്ണൂർ ചക്കരക്കലിൽനിന്നും സനേഷ് പകർന്ന മാതൃക ; മുഖ്യമന്ത്രിയുടെ അഭിനന്ദനം

കണ്ണൂർ : കണ്ണൂർ ചക്കരക്കൽ കണയന്നൂർ സ്വദേശിയായ കെ.പി.സനേഷ് എന്ന പോലീസുകാരൻ തൻ്റെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നു. സ്വാഭാവികമായും ഒരു സർക്കാർ ജീവനക്കാരന്റെ കടമയാണത്. എന്നാൽ തൻറെ ദൈന്യതകൾക്കിടയിലും നാടിന്റെ പോരാട്ടത്തിനൊപ്പം നിൽക്കാൻ കാണിച്ച നന്മയാണ് സനേഷ് ഈ സാലറി ചലഞ്ചിലൂടെ സമൂഹത്തിന് നൽകുന്നത്.

സിവിൽ പോലീസ് ഓഫീസറായ സനേഷ് മാസങ്ങളായി കാൻസർ ബാധിതനായി ചികിത്സയിലാണ്. പകച്ചുനിന്ന നിമിഷങ്ങളിലും താങ്ങും തണലുമായത് സർക്കാരും ,പിന്നെ സൗഹൃദ വലയവുമാണ്. ഇതിനിടയിലാണ് കോവിഡ് എന്ന മഹാ മാരി കടന്നുവരുന്നതും സംസ്ഥാനം പ്രതിസന്ധിയിലേക്ക് നീങ്ങുന്നതും,മുഖ്യമന്ത്രി സാലറി ചാലഞ്ച് പ്രഖ്യാപിക്കുന്നതും. ആറ്‌ ദിവസത്തെ ശമ്പളം സർക്കാരിന് നൽകാനാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്. എന്നാൽ പ്രതിപക്ഷം എതിർപ്പുമായി എത്തുകയും സർക്കാർ ഉത്തരവ് കത്തിക്കുന്ന അവസ്ഥവരെ ഉണ്ടായി.ഈ സമയമാണ് സനേഷ് ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

നിലവിൽ എട്ട് ലക്ഷം രൂപയിലധികം ചികിത്സക്കായി ചിലവായി നിൽക്കുന്ന സാഹചര്യത്തിലും സനേഷ് കാണിച്ച ഈ നന്മയെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അഭിനന്ദിക്കുകയും ചെയ്‌തു.

 

സനേഷിന്  ഒരുമാസം ചികിത്സക്കായി രണ്ട് ലക്ഷം രൂപയാണ് ചിലവ് . പ്രതിപക്ഷം എതിർപ്പുമായി രംഗത്തെത്തിയപ്പോൾ അതിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തി സനേഷ് തൻ്റെ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിലാണ് തൻറെ ഒരുമാസത്തെ ശമ്പളം നൽകിയ വിവരം അറിയിച്ചത് .ഇതോടെ പൊതു സമൂഹം സനീഷ് കാണിച്ച മാതൃക ഏറ്റെടുത്തു. ഇപ്പോൾ മുഖ്യമന്ത്രിയുടെ അഭിനന്ദനം കൂടി സനേഷിനെ തേടിയെത്തിയതോടെ നിരവധി പേരാണ് സനേഷിന് അഭിനന്ദനവുമായി രംഗത്തെത്തി യിരിക്കുന്നത്.

 

സനേഷിൻറെ ഫേസ് ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

ലോകമാകെ കൊവിഡ് – 19 എന്ന മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ്……. നമ്മുടെ കേരളവും അതിന്റെ ദുരിതമനുഭവിക്കുകയാണ്……. കേരള സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും മറ്റ് എമർജൻസി വകുപ്പുകളുടെയും നിതാന്ത ജാഗ്രത ഒന്ന് കൊണ്ട് മാത്രമാണ് മഹാമാരി വ്യാപിക്കാതിരുന്നതും കൂടുതൽ മനുഷ്യ ജീവനുകൾ പൊലിയാതിരുന്നതും……..

ലോക്ഡൗൺ പ്രഖ്യാപിച്ചതോടു കൂടി സർവ്വ മേഖലയും സ്തംഭിച്ചിരിക്കുകയാണെന്ന് ആർക്കാണ് അറിയാത്തത്. സർക്കാരിന്റെ വരുമാന മാർഗ്ഗമെല്ലാം നിലച്ചു. ചിലവുകൾ മാത്രമായി…. ഇത്രയൊക്കെ പ്രതിസന്ധിയുണ്ടായിട്ടും കേരളത്തിലെ എല്ലാ ജനങ്ങൾക്കും APL എന്നോBPL എന്നോ വത്യാസമില്ലാതെ ഭക്ഷണത്തിനുള്ള കിറ്റ് നൽകുകയും , ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ അന്നന്നത്തെ തൊഴിലെടുത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോയവർക്ക് തൊഴിലെടുക്കാനാവാത്ത അവസ്ഥയുണ്ടായപ്പൊൾ പര്യാപ്തമല്ലെങ്കിലും അവർക്ക് ധനസഹായം നൽകുന്നതും നാം കാണുന്നുണ്ടല്ലൊ….? ഇത്തരമൊരു സാഹചര്യത്തിലാണല്ലൊ സർക്കാർ…. സർക്കാർ ജീവനക്കാരോട് ഒരു മാസത്തെ സാലറി ചലഞ്ചിന് അഭ്യർത്ഥിച്ചിരിക്കുന്നത്.

കഴിഞ്ഞ പ്രളയമുണ്ടായപ്പൊൾ മുഖ്യമന്ത്രി സാലറി ചലഞ്ച് മുന്നോട്ട് വെച്ചപ്പോൾ ആദ്യം തന്നെ വളരെ സന്തോഷത്തോടെ ചലഞ്ചിൽ പങ്കെടുത്തു…….

ഇപ്പൊഴത്തെ എന്റെ അവസ്ഥ എന്നെ അറിയുന്നവരോട് വിശദീകരിക്കേണ്ടതില്ലല്ലൊ…?
കഴിഞ്ഞ 5 മാസമായാ ചെറുതല്ലാത്ത അസുഖവുമായി ചികിത്സയിലാണ്…
ഇതു വരെ ഏകദേശം 8 ലക്ഷം രൂപ ചിലവായി കഴിഞ്ഞു… മാസം 2 ലക്ഷത്തി അറുപതിനായിരം രൂപയോളമാണ് ചികിത്സക്ക് വേണ്ടി വരുന്നത്. ഇത് എത്ര മാസത്തോളം നീളുമെന്ന് നിശ്ചയവുമില്ല……
എനിക്ക് ഒരു പ്രയാസമുണ്ടായപ്പൊൾ ഹൃദയത്തോട്ചേർത്ത് വെച്ച് സഹായിക്കുന്നത് സഹപ്രവർത്തകരും സുഹൃത്തുക്കളും നാട്ടുകാരും ഈ സമൂഹവുമാണ്……

ഇത്തരമൊരൊ സാഹചര്യത്തിൽ സർക്കാർ ജനങ്ങൾക്കു വേണ്ടി ഒരു സാലറി ചലഞ്ച് പ്രഖ്യാപിച്ചാൽ മനുഷ്യത്വമുള്ള ആർക്കെങ്കിലും അതിൽ നിന്ന് മാറി നിൽക്കാനാകുമോ..?

സ്വന്തമായി ഒട്ടും മോശമല്ലാത്ത വീടുകളും കാറുകളും എടുത്തതിന്റെ പേരിലുണ്ടായ ലോൺ തിരിച്ചടവിന്റെ കാര്യം പറഞ്ഞ് സാലറി ചലഞ്ച് തരാൻ സാധ്യമല്ല എന്ന് പറയുന്ന സർക്കാർ ഉദ്യോഗസ്ഥരെയും തരാൻ താൽപര്യമുള്ള ജീവനക്കാരനെ പോലും കൊടുക്കാതിരിക്കാൻ പ്രേരിപ്പിക്കുന്ന പിറന്ന നാടിനെ ഒറ്റുകൊടുക്കുന്ന യൂദാസുമാരായ കുറെകരിങ്കാലികളെ നാം കഴിഞ്ഞ പ്രളയകാലത്തും കാണുകയുണ്ടായി….. അവരുടെ വിഷ ലിപ്തമായ വാക്കുകളിൽ മനസ്സ് ചാഞ്ചല്യപെടാതെ സർക്കാരിനൊപ്പം നിൽക്കാം………..

സർക്കാരിന്റെ സാലറി ചലഞ്ചിൽ പങ്കെടുക്കാതിരിക്കാൻ നിങ്ങൾക്ക് പല ന്യായങ്ങളും നിരത്താനുണ്ടാകും,…….. പക്ഷെ പങ്കെടുക്കാൻ ഒരൊറ്റ കാരണം മാത്രം മതി………

” മനുഷ്യത്വം ”

ഞാൻ എന്റെ ഒരു മാസത്തെ ശമ്പളം സർക്കാരിന്റെ സാലറി ചലഞ്ചിലേക്ക് സമർപ്പിക്കുന്നു…..

കെ.പി.സനേഷ്
സിവിൽ പോലീസ് ഓഫീസർ
DHQ കണ്ണൂർ

 

 

error: Content is protected !!