സ്പ്രിംഗ്ലർ എന്ന കമ്പനി ചെന്നിത്തല പറയുന്നതു പോലെ പി.ആര്‍ കമ്പനിയല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സ്പ്രിംഗ്ളർ എന്ന അമേരിക്കൻ സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ വില്‍ക്കുകയാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പ്രതിപക്ഷ നേതാവ് പറയുന്നതു പോലെ സ്പ്രിംഗ്ളർ ഒരു പി.ആര്‍ കന്പനി അല്ല. നമ്മള്‍ ആ കമ്പനിയുടെ സോഫ്റ്റ് വെയറിനോ സേവനത്തിനോ പണം നൽകുന്നില്ല. നമ്മുടെ നാട് പ്രതിസന്ധിയിലായ സമയമാണ്. നമ്മളുടെ നാട് വലിയൊരു ഭീഷണി നേരിടുകയാണ്. അതിനെ എങ്ങനെയൊക്കെ നേരിടുമെന്നാണ് നമ്മള്‍ ചിന്തിക്കുന്നത്. അക്കാര്യത്തില്‍ പ്രവാസികളായ മലയാളികള്‍ സഹായിക്കുന്നുണ്ട്. അങ്ങനെയൊരു സഹായമാണ് ഈ കമ്പനി നമുക്ക് ചെയ്തു തരുന്നത്. അതിന്റെ സ്ഥാപകന്‍ ഒരു മലയാളിയാണ്. സ്പ്രിംഗ്ളർ സോഫ്റ്റ് വെയര്‍ ദാദാക്കളാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി വകുപ്പിന്റെ ഒരു സോഫ്റ്റ് വെയര്‍ ദാദാക്കള്‍ കൂടിയാണ് ഈ കമ്പനി. ശേഖരിക്കുന്ന ഡാറ്റ ഇന്ത്യയിലെ സെര്‍വറുകളില്‍ സൂക്ഷിക്കുകയും അത് സര്‍ക്കാര്‍ നിയന്ത്രിക്കുകയുമാണ് ചെയ്യുന്നത്. ഈ കമ്പനിയുടെ സേവനം ലോകാരോഗ്യ സംഘടനയും ഉപയോഗിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കൊറോണ പ്രതിരോധത്തിനായി സർക്കാർ രൂപീകരിച്ച വാർഡ് തല കമ്മിറ്റികളാണ് സംസ്ഥാനത്തുടനീളം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതെന്നും 41 ചോദ്യങ്ങളുടെ ഉത്തരം അടങ്ങിയ വിവരങ്ങൾ സ്പ്രിംഗ്ലർ എന്ന അമേരിക്കൻ കമ്പനിയുടെ സെർവറിലേക്കാണ് എത്തുന്നതെന്നും ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സർക്കാർ സ്ഥാപനങ്ങളായ സി ഡിറ്റിനോ ഐ.ടി മിഷനോ ചെയ്യാൻ കഴിയുന്ന കാര്യം ആരോഗ്യമേഖലയുമായി ഒരു ബന്ധവുമില്ലാത്ത സ്വകാര്യ അമേരിക്കൻ കമ്പനിയെ എൽപ്പിച്ചതെന്തിനെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. വിദേശ കമ്പനിയായ സപ്രിംഗ്ളറിനെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. സ്പ്രിംഗ്ലർ കമ്പനിയുമായി സർക്കാർ ഉണ്ടാക്കിയ കരാർ റദ്ദാക്കണമെന്നും സംസ്ഥാന സർക്കാരിന്റെ ലോഗോ ഉപയോഗിച്ച് കമ്പനി മാർക്കറ്റിങ് നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. കമ്പനിയുടെ പരസ്യചിത്രത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കർ അഭിനയിച്ചതിൽ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ആരോഗ്യവകുപ്പ് പോലും അറിയാതെയാണ് അമേരിക്കൻ കമ്പനിക്ക് കരാർ നൽകിയതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

error: Content is protected !!