സ്വകാര്യ ബസുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ അനുമതി

കണ്ണൂർ :കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സുരക്ഷിതത്വമില്ലാതെ പാര്‍ക്ക് ചെയ്തിട്ടുള്ള സ്വകാര്യ ബസുകള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യുന്നതിനും വര്‍ക്ക് ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ഏപ്രില്‍ 19 (ഞായര്‍)ന് അറ്റകുറ്റപ്പണികള്‍ക്കായി ബസുകള്‍ മാറ്റുന്നതിനും അനുമതി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവായി. ഈ സമയങ്ങളില്‍ ലോക് ഡൗണുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ബസുകളുടെ അറ്റകുറ്റപ്പണികള്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ നടത്തേണ്ടതാണ്. വൈകുന്നേരം ആറ് മണി മുതല്‍ 10 മണിവരെയുള്ള സമയത്ത് ബസുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം. ഒരു ബസില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകാന്‍ പാടില്ല, ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, ബസിലും വര്‍ക്ക് ഷോപ്പിലും മറ്റ് സ്ഥലങ്ങളിലും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന സാമൂഹ്യ അകലം പാലിക്കണം. ബസ് ജീവനക്കാരും വര്‍ക്ക് ഷോപ്പ് ഉടമകളും നിബന്ധനകള്‍ പാലിക്കണമെന്നും ഇക്കാര്യം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഉറപ്പുവരുത്തണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

error: Content is protected !!