മലപ്പുറത്ത് വയോധികന്‍റെ മരണം കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരണം

മലപ്പുറം: മലപ്പുറത്ത് കൊവിഡ് ഭേദമായ വയോധികന്‍റെ മരണം കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരണം. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ നെച്ചിത്താന്‍ വീരാന്‍ കുട്ടി ഹാജി(85)യാണ് ഇന്നു രാവിലെ മരണപ്പെട്ടത്.
നേരത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ച വീരാന്‍കുട്ടിയുടെ അവസാനത്തെ മൂന്ന് പരിശോധന ഫലവും നെഗറ്റീവ് ആണ്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ രണ്ടുദിവസമായി വഷളായിരുന്നു. കോവിഡ് രോഗമുക്തി നേടിയശേഷവും പ്രായാധിക്യം മൂലവും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കാരണവും ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ഉംറ കഴിഞ്ഞെത്തിയ മകനില്‍ നിന്നാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കേ, ഇദ്ദേഹത്തിന്റെ അവസാനത്തെ മൂന്ന് പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. എന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങളും പ്രായാധിക്യം മൂലമുളള അവശതകളും കാരണം ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് ഇല്ലെന്ന് കേട്ടപ്പോള്‍ സന്തോഷിച്ചിരുന്നു. പ്രായാധിക്യമുളള ആള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ആരോഗ്യനില വഷളാക്കുകയായിരുന്നു.
കൊവിഡ് മരണമല്ലാത്തതുകൊണ്ട് അതിന്റെ പ്രോട്ടോകോള്‍ പാലിക്കേണ്ടതില്ല. എങ്കിലും ലോക്ക്ഡൗണ്‍ പ്രോട്ടോകോള്‍ അനുസരിച്ച് പരിമിതമായ ആളുകളെ മാത്രം പങ്കെടുപ്പിച്ച് ശവസംസ്‌കാര ചടങ്ങ് നടത്താന്‍ അനുവദിച്ചിട്ടുണ്ടെന്ന് ശൈലജ പറഞ്ഞു.