ന്യൂ മാഹിയും റെഡ് സോണിൽ : ആരും പുറത്തിറങ്ങരുതെന്ന് ജില്ലാ കലക്ടർ

കണ്ണൂർ : കൊറോണയുടെ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി ന്യൂ മാഹി പഞ്ചായത്തിനെ കൂടി റെഡ് സോണിൽ ഉൾപ്പെടുത്തി. ഇവിടെ ആരും പുറത്തിറങ്ങരുതെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അഞ്ചോ അതിലധികമോ കൊറോണ പോസിറ്റീവ് കേസുകളും 2000ല്‍ കൂടുതല്‍ ഹോം ക്വാറന്റൈന്‍ കേസുകളുമുള്ള പ്രദേശങ്ങളെയാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റെഡ് സോണ്‍ പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള ഒരു വ്യാപാര സ്ഥാപനവും തുറന്നു പ്രവര്‍ത്തിക്കില്ല. അവശ്യ സാധനങ്ങളെല്ലാം തദ്ദേശ സ്ഥാപനതല കോള്‍ സെന്റര്‍ വഴി വീടുകളിലെത്തിക്കും. ഇതിന് തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും. ഇവിടങ്ങളില്‍ റേഷന്‍ കടകള്‍, മറ്റ് സിവില്‍ സപ്ലൈസ് ഷോപ്പുകള്‍, ബാങ്കുകള്‍, മല്‍സ്യ-മാംസ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ അടച്ചിടും. റെഡ് സോണ്‍ പ്രദേശങ്ങളില്‍ ആളുകളുടെ സഞ്ചാരം കര്‍ശനമായി നിയന്ത്രിക്കും.

ആളുകള്‍ വീടുകള്‍ക്ക് പുറത്തിറങ്ങുന്നതും ഒരുമിച്ചു കൂടുന്നതും കര്‍ശനമായി തടയും. ഈ പ്രദേശങ്ങളിലേക്ക് പുറമെ നിന്നുള്ള ആളുകള്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. ഇവിടങ്ങളിലെ മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍ തുടങ്ങി പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരുടെ ആരോഗ്യനില ആശാ വര്‍ക്കര്‍മാര്‍ ദിനേന വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

error: Content is protected !!