കുരങ്ങുപനി: വയനാട്ടില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി

കല്‍പ്പറ്റ: കുരങ്ങുപനി രോഗ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി വയനാട് ജില്ലാ ഭരണകൂടം. കുരങ്ങുപനി രോഗലക്ഷണങ്ങളോടെ ഈ വര്‍ഷം നാല് പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. ഇവരില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കളക്ടര്‍ വിളിച്ച അടിയന്തര യോഗത്തില്‍ സാഹചര്യം ഗൗരവമുള്ളതാണെന്ന് വിലയിരുത്തുകയും പ്രതിരോധ നടപടികള്‍ക്കായി മാനന്തവാടി സബ്കളക്ടറുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂം തുറക്കുകയും ചെയ്തു.

വിറകിനായും കാലികളെ മേയ്ക്കാനും കാട്ടിനകത്തേക്ക് പോകാന്‍ രോഗബാധിത മേഖലിയിലുള്ളവരെ അനുവദിക്കില്ല. പകരം പ്രദേശത്തെ ആദിവാസി കോളനികളില്‍ വിറകും ഭക്ഷണവും മൃഗങ്ങള്‍ക്ക് കാലിത്തീറ്റയുമടക്കം എത്തിച്ചു നല്‍കും.

സുല്‍ത്താന്‍ ബത്തേരിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന വൈറോളജി ലാബ് സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങാനാണ് ആലോചന. ഇതിനായി ഐ സി എം ആറിന്റെ അനുമതി തേടി. അനുമതി ലഭിച്ചാല്‍ ജില്ലയില്‍ രോഗലക്ഷണങ്ങളുള്ളവരുടെ സാമ്ബിള്‍ ഇവിടെ പരിശോധിച്ച്‌ വേഗത്തില്‍ രോഗം സ്ഥിരീകരിക്കാനാകുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

error: Content is protected !!