രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നതായി ഐസിഎംആര്‍ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നതായി ഐസിഎംആറിന്‍റെ മുന്നറിയിപ്പ്. ക്രമാതീതമായി ഉയരുന്നുവെന്നാണ് ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പരിശോധനകളുടെ എണ്ണം കൂട്ടാന്‍ വീണ്ടും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 15 ലക്ഷം ദ്രുതപരിശോധന കിറ്റുകള്‍ വാങ്ങാന്‍ ചൈനയുമായി കരാര്‍ ഉണ്ടാക്കിയിരുന്നു.ഇതേ തുടര്‍ന്ന് ഇന്ത്യയിലേക്ക് ചൈനയില്‍ നിന്ന് ദ്രുതപരിശോധന കിറ്റുകള്‍ എത്തിത്തുടങ്ങി.

അതേസമയം കൊവിഡിന്റെ സാമ്പിളുകള്‍ പരിശോധിക്കുന്നതില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ആദ്യമായി ഇരുപതിനായിരത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ 24 മണിക്കൂറിനകം ടെസ്റ്റ് ചെയ്തു. 26351 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്. ഇന്ത്യയില്‍ ഇതുവരെ 2,44,893 സാമ്ബിളുകള്‍ പരിശോധിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തില്‍ മാത്രം 3286 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്നായിരത്തിലേക്ക് കടക്കുകയാണ്. ഇപ്പോള്‍ 10,815 പേരാണ് കൊവിഡ് രോഗം ബാധിച്ചത്. മരണം 353 ആയി. മെയ് മൂന്ന് വരെ ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായി പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. ഏപ്രില്‍ ഇരുപതിന് ചില മേഖലകള്‍ക്ക് ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്ന് കേന്ദ്രം നല്‍കും.

error: Content is protected !!