മഹാരാഷ്ട്രയിൽ മന്ത്രി ജിതേന്ദ്ര അവാദിന് കോവിഡ് 19 സ്ഥിരീകരിച്ചു ; 15 ദിവസമായി മന്ത്രി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ മന്ത്രി ജിതേന്ദ്ര അവാദിന് കോവിഡ് 19 സ്ഥിരീകരിച്ചു. 15 ദിവസമായി 54 കാരനായ മന്ത്രി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ജിതേന്ദ്ര അവാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സുരക്ഷാ ഉദ്യോഗസ്ഥരിൽ ചിലർക്ക് വൈറസ് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി മന്ത്രിയും പതിനഞ്ചോളം കുടുംബാംഗങ്ങളും ക്വാറന്റൈനിലായിരുന്നു. ഏപ്രിൽ 13 ന് മുമ്പ് നടത്തിയ പരിശോധനയിൽ അവാദിന് കൊറോണ വൈറസ് കണ്ടെത്തിയിരുന്നില്ല. രണ്ടാമത്തെ തവണ നടത്തിയ പരിശോധനയിലാണ് ജിതേന്ദ്ര അവാദിന് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ രണ്ടാമത്തെ ഫലം പോസിറ്റീവ് ആയ സാഹചര്യത്തില്‍ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മുംബ്ര-കൽവ നിയോജകമണ്ഡലത്തിൽ നിന്നുള്ള എൻ‌സി‌പി എം‌എൽ‌എയാണ് ജിതേന്ദ്ര അവാദ്.

മുംബ്ര പൊലീസ് സ്റ്റേഷനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനിൽ നിന്നാണ് അവാദിന് രോഗം പകർന്നതെന്ന് കരുതുന്നത്. നേരത്തെ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജിതേന്ദ്ര അവാദ് ഈ ഉദ്യോഗസ്ഥനെ കണ്ടിരുന്നു. കഴിഞ്ഞയാഴ്ച ഈ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചു. ഇതേ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനുമായി സമ്പർക്കം പുലർത്തിയ നൂറിലധികം പേർക്ക് പരിശോധന നടത്തിയിരുന്നു. താനെയിലെ രണ്ട് മാധ്യമ പ്രവർത്തകർക്കും മുംബ്രയിലെ മൂന്ന് പൊലീസുകാർക്കും അവാദുമായി ബന്ധമുള്ള 15 പേർക്കും രോഗം കണ്ടെത്തിയിരുന്നു. വൈറസ് വ്യാപനത്തെ തുടർന്ന് മുംബ്ര സ്റ്റേഷനിലെ ഭൂരിപക്ഷം പൊലീസ് ഉദ്യോഗസ്ഥരെയും ക്വാറന്റൈനിലാക്കിയിരിക്കുകയാണ്.

അതിനിടെ മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 6000 കടന്നു. മരണ സംഖ്യ 283 ആയി. 14 മരണം കൂടി മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. 778 പേർക്ക് കൂടി മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചു. മുംബൈയിൽ മാത്രം 478 രോഗബാധിതരുണ്ട്. ഇവിടെ ആകെ മരണം 168ഉം കോവിഡ് സ്ഥിരീകരിച്ചവർ 4232 ആണ്.

error: Content is protected !!