ആശുപത്രികളിൽ എത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ആശുപത്രികളിൽ എത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സ്വകാര്യ ആശുപത്രികൾ അശ്രദ്ധ കാണിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ആശുപത്രികളിൽ രോഗികളുടെ വരവ് കൂടി. മെഡിക്കൽ കോളജ് ഒപികളിലും തിരക്ക് വർധിച്ചു. ആശുപത്രികളാണു രോഗവ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങൾ. ഇക്കാര്യം ഉൾക്കൊണ്ട് ശാരീരിക അകലവും മറ്റു സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണം. ആരോഗ്യവകുപ്പ് ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
കോവിഡ് പ്രതിരോധത്തിന് മാസ്ക് നിർബന്ധമാണ്. ഇതിന്റെ ഉപയോഗം ശീലമാക്കണം. സ്കൂളുകളിൽ, യാത്രാവേളകളിൽ, കൂടുതൽ ആളുകൾ ചേരുന്നിടത്ത് എന്നിവിടങ്ങളിലൊക്കെ മാസ്ക് നിർബന്ധമായും ധരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.