ബന്ധുക്കളെ കാണാൻ വേണ്ടിമാത്രം ഇതര സംസ്ഥാനത്തുനിന്നും ആരും ഇങ്ങോട്ടേക്കു പോരണ്ടെന്ന് മുഖ്യമന്ത്രി ; മടങ്ങിയെത്തുന്നത് കുടുങ്ങിപ്പോയവർ
തിരുവനന്തപുരം: ബന്ധുക്കളെ കാണാൻ വേണ്ടിമാത്രം ഇതര സംസ്ഥാനത്തുനിന്നും ആരും ഇങ്ങോട്ടേക്കു പോരണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവർ ബന്ധുക്കളെ കാണാൻ വേണ്ടിമാത്രം ഇപ്പോൾ നാട്ടിലേക്ക് മടങ്ങിവരേണ്ടതില്ല. ഇതര സംസ്ഥാന പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ സംവിധാനത്തിന്റെ ഭാഗമാകാൻ ഇങ്ങനെയുള്ളവർ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
ബന്ധുക്കളെ കാണാനുള്ള അവസരമായി ഈ സന്ദർഭം ഉപയോഗിക്കേണ്ട. അത് പിന്നീട് ആവാം. രോഗവ്യാപന ഘട്ടത്തിൽ ഒരുപാട് ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതായിട്ടുണ്ട്. അത്തരം ആളുകൾ വരേണ്ടതുണ്ടോ എന്ന് അവർ തന്നെ ചിന്തിക്കണം. വീടും താമസവും അവിടെയാണ് അങ്ങനെയുള്ളവരെ കുറിച്ചാണ് ഉദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാന പ്രവാസികൾക്കായുള്ള നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ ഇതുവരെ 94483 പേരാണ് രജിസ്റ്റർ ചെയ്തത്. കർണാടകയിൽനിന്ന് 30576 പേരും തമിഴ്നാട്ടിൽനിന്ന് 29181 പേരും മഹാരാഷ്ട്രയിൽനിന്ന് 13113 പേരുമാണ് രജിസ്റ്റർ ചെയ്തു.
ഇവിടെനിന്ന് ചില ആവശ്യങ്ങൾക്കായി പോയി അവിടെ കുടുങ്ങിയവർക്കാണ് മടങ്ങിയെത്താൻ അവസരം നൽകുന്നത്. ഇതിൽ ഗർഭിണികൾ, വിദ്യാർഥികൾ പ്രായമായവർ തുടങ്ങിയവർക്കാണ് ഏറ്റവും മുൻഗണന നൽകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.