കേരളത്തിന്റെ അതിർത്തികളിലെ നുഴഞ്ഞുകയറ്റം, തിരിച്ചുപോക്ക്; കർശന നടപടി
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിലും അതിർത്തി മേഖലകളിൽ കേരളത്തിലേക്കും തിരിച്ചും ആളുകൾ കടന്നുകയറുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു തടയാൻ കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
ചരക്കുവാഹനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കും. കണ്ടെയ്നർ, അടച്ചുപൂട്ടിയ വാഹനങ്ങൾ എന്നിവ തുറന്നുപരിശോധിക്കും. ഉൗടുവഴികളിലൂടെ ജനങ്ങൾ അതിർത്തികടക്കുന്നില്ല എന്നുറപ്പുവരുത്താൻ പോലീസ് ബൈക്ക് പട്രോളിംഗ് ഏർപ്പെടുത്തും. സ്റ്റേഷൻ പോലീസ് ഓഫീസർമാരുടെയും എസ്ഐമാരുടെയും നേതൃത്വത്തിൽ അതിർത്തി കേന്ദ്രങ്ങളിൽ മൊബൈൽ പട്രോളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിർത്തികളിലെ പരിശോധന ഉറപ്പാക്കാൻ ഡിവൈഎസ്പി തലത്തിലെ ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇവിടെ നിശ്ചിത പ്രവേശന കവാടങ്ങൾ അനുവദിക്കും. അനധികൃതമായി കടന്നുകയറിയാൽ കർശന നടപടികൾ നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.