കാർഷിക ജോലികൾ തടയരുത്, പച്ചക്കറി ശേഖരിച്ച് വിപണികളിൽ എത്തിക്കണം:മുഖ്യമന്ത്രി

തിരുവനന്തപുരം: കൃഷിസംബന്ധമായ ജോലികൾ തടസമില്ലാതെ നടക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. പച്ചക്കറിപോലെ കേടുവന്നു പോകുന്ന സാധനങ്ങൾ എത്രയും വേഗം ശേഖരിച്ച് വിപണികളിൽ എത്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശേഖരിച്ച കശുവണ്ടി ഫാക്ടറികളിലെത്തിക്കാൻ സൗകര്യമുണ്ടാക്കണം. മഴക്കാല പൂർവ ശുചീകരണം അടിയന്തരമായി പൂർത്തിയാക്കണം. നദികളിലും തോടുകളിലും കനാലുകളിലും അടിഞ്ഞുകൂടിയിട്ടുള്ള എക്കൽ കാലവർഷം മുന്നിൽകണ്ട് നീക്കണം.
വ്യാജമദ്യം തടയാൻ കർശന നടപടി വേണം. അത്യാവശ്യ മരുന്നുകൾ രോഗികൾക്ക് ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുന്നുണ്ട്. ജില്ലാ ഭരണസംവിധാനവും ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.