കണ്ണൂർ ജില്ലയില്‍ കാര്‍ഡില്ലാത്ത 2069 കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി

കണ്ണൂർ :ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ ജില്ലയിലെ 2069 കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്തു. കൊറോണക്കാലത്ത് ആരും പട്ടിണികിടക്കാന്‍ ഇടവരരുത് എന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കാര്‍ഡുടമകളല്ലാത്തവര്‍ക്കും റേഷന്‍ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചത്. കാര്‍ഡുടമകളല്ലാത്തവര്‍ക്ക്, ഒരാള്‍ക്ക് അഞ്ച് കിലോയെന്ന രീതിയില്‍ പരമാവധി 15 കിലോ അരിയാണ് നല്‍കുന്നത്.

എന്നാല്‍, ഇതിനായി ആധാര്‍നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ ചേര്‍ത്ത ഒരു സത്യവാങ്മൂലം കടയില്‍ നല്‍കണം. ഇത്തരത്തില്‍ റേഷന്‍ കൈപ്പറ്റിയവര്‍ക്ക് അര്‍ഹതയില്ലെന്ന് പിന്നീട് കണ്ടെത്തിയാല്‍ വാങ്ങിയ സാധനങ്ങളുടെ മാര്‍ക്കറ്റ് വിലയുടെ ഒന്നരയിരട്ടി പിഴ ഈടാക്കുമെന്നും ജില്ലാ സപ്ലെ ഓഫീസര്‍ അറിയിച്ചു.

ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി 124 മെട്രിക് ടണ്‍ അരിയും 101 മെട്രിക് ടണ്‍ അട്ടയുമാണ് വിതരണം ചെയ്തത്. ഇതിന് പുറമേ അനാഥാലയം, പട്ടിക വര്‍ഗ്ഗ ഹോസ്റ്റലുകള്‍, സാമൂഹ്യക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലേക്കും ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്.

error: Content is protected !!