കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ സംസ്ഥാനത്ത് കൃഷി വിപുലമാക്കാൻ പദ്ധതി; ഭൂമി തരിശിടാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ സംസ്ഥാനത്ത് കൃഷി വിപുലമാക്കാൻ പദ്ധതി. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിള നയം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് പ്രതിസന്ധി തുടർന്നാൽ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം നേരിട്ടേക്കാം. അതിനാൽ കാർഷിക മേഖലയിൽ ആവശ്യമായ ഭാവി തന്ത്രം ആവിഷ്ക്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ 25000 ഹെക്ടർ സ്ഥലത്ത് നെൽകൃഷി നടത്താനുള്ള പദ്ധതി ആരംഭിക്കും. സംസ്ഥാനത്ത് ഒരു പ്രദേശത്തും ഭൂമി തരിശിടാൻ അനുവദിക്കില്ല. എല്ലാ ഭൂമിയും കൃഷിക്കായി ഉപയോഗിക്കും. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി തയാറാക്കണം.
കോവിഡ് പ്രതിസന്ധി തുടർന്നാൽ വലിയ ക്ഷാമത്തെ നേരിടേണ്ടിവരും. വരും മാസങ്ങളിൽ കടന്നുപോകാനുള്ള ഭക്ഷ്യ ശേഖരം സംസ്ഥാനത്ത് ഇപ്പോഴുണ്ട്. പ്രതിസന്ധി തുടർന്നുപോയാൽ സ്ഥിതി മാറിയക്കാം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ എങ്ങനെ ബാധിക്കും എന്നതിനെ ആശ്രയിച്ചാണ് ഇത് നിൽക്കുന്നത്. ഇപ്പോൾ തന്നെ ഈ മഹാമാരിയുടെ രൗദ്രഭാവം ശരിയായി മനസിലാക്കി കരുതൽ നടപടികളിലേക്ക് കടക്കേണ്ടതുണ്ട്.
കാർഷിക മേഖലയിൽ വലിയ തോതിലുള്ള ഇടപെടൽ നടത്തണം. ഒരു ചെറിയ തോതിലുള്ള കൃഷി എങ്കിലും ഉണ്ടാവണമെന്ന് ചിന്തിക്കുന്ന സംസ്കാരത്തിലേക്ക് നാം എത്തണം. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് കൃഷിവകുപ്പ് വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. കോവവിഡ് പ്രതിസന്ധി കൃഷിയും വിപണന സംവിധാനവും പരിഷ്കരിക്കുന്നതിനുള്ള പാഠമായി എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.