ലോക്ക് ഡൌണിൽ ഇളവ് നൽകേണ്ട മേഖലകളെ സംബന്ധിച്ച് സംസ്ഥാന സർക്കാർ നാളെ തീരുമാനമെടുക്കും

തിരുവനന്തപുരം : ലോക്ക് ഡൌണിൽ ഇളവ് നൽകേണ്ട മേഖലകളെ സംബന്ധിച്ച് സംസ്ഥാന സർക്കാർ നാളെ തീരുമാനമെടുക്കും. ഹോട്ട് സ്പോട്ട് അല്ലാത്ത ജില്ലകളിലായിരിക്കും ഇളവുകൾ നിർദേശിക്കുക. ലോക്ക് ഡൌണിലെ കേന്ദ്ര നിലപാട് അറിഞ്ഞ ശേഷമായിരിക്കും സംസ്ഥാന സർക്കാർ തീരുമാനം പ്രഖ്യാപിക്കുക.

ഹോട്ട് സ്പോട്ട് അല്ലാത്ത മേഖലകളിൽ ഇളവ് നൽകാനുളള അധികാരം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. നിർദേശം കേന്ദ്രം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. ഈ പശ്ചാത്തലത്തിലാണ് ലോക്ക് ഡൌണിലെ ഇളവുകൾ ചർച്ച ചെയ്യാൻ നാളെ മന്ത്രിസഭായോഗം ചേരുന്നത്. ഹോട്ട് സ്പോട്ട് അല്ലാത്ത ജില്ലകളിൽ സാമൂഹിക അകലം പാലിച്ചുളള ഇളവുകളായിരിക്കും പ്രഖ്യാപിക്കുക. ലോക്ക് ഡൌണിൽ നൽകേണ്ട ഇളവുകൾ സംബന്ധിച്ച് നേരത്തെ വിദഗ്ധ സമിതി സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും മന്ത്രിസഭാ യോഗത്തിൻറെ തീരുമാനം.

വർക്ക് ഷോപ്പ്, മൊബൈൽ കടകൾ ഉൾപ്പടെയുളള ചില മേഖലകളിൽ ഇതിനകം തന്നെ ചെറിയ ഇളവുകൾ സർക്കാർ നൽകിയിട്ടുണ്ട്. ഹോട്ട് സ്പോട്ട് പ്രദേശങ്ങളിൽ ഈ മാസം 30 വരെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് സംസ്ഥാന സർക്കാറിൻറെ നിലപാട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് സംസ്ഥാനത്ത് നിലവിൽ ഹോട്ട് സ്പോട്ട് ആയി നിശ്ചയിച്ചിട്ടുളളത്.

error: Content is protected !!