സംസ്ഥാനത്തെ തരിശുഭൂമിയിൽ കൃഷിയിറക്കാൻ ബൃഹത് പദ്ധതി; സഹകരണ സംഘങ്ങൾ വഴി വായ്പ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു തുണ്ടു ഭൂമി പോലും തരിശിടാതെ കൃഷിയിറക്കുന്നതിനുള്ള പദ്ധതി തയാറാക്കാൻ ബൃഹത് പദ്ധതിക്കു രൂപംനൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേർന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരാഴ്ചയ്ക്കുശേഷം യോഗം ചേർന്ന് അവസാനഘട്ട കർമപദ്ധതിക്കു രൂപം നൽകും. കാലവർഷത്തിനു മുന്പുതന്നെ ഇത് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. തരിശുനിലങ്ങളിൽ പൂർണമായും കൃഷിയിറക്കുക എന്നതാണു പ്രധാന ലക്ഷ്യം. ഓരോ പഞ്ചായത്തിലും തരിശിട്ട സ്ഥലങ്ങൾ കൃത്യമായി കണ്ടെത്തും. ഈ ഭൂമിയുടെ ഉടമകളുമായി ചർച്ച ചെയ്ത് സമവായത്തിലൂടെ കൃഷിയിറക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൃഷിയുടെ പരന്പരാഗത മാർങ്ങളിൽനിന്നു വ്യതിചലിക്കാൻ കർഷകർ ശ്രമിക്കണം. സഹകരണ സംഘങ്ങൾ വഴി വായ്പ ലഭ്യമാക്കാൻ വിപുലമായ പദ്ധതി നടപ്പാക്കും. ഇതിനു നബാർഡിന്റെ സഹായം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.