സുപ്രീംകോടതി വിധിക്ക് ശേഷവും മംഗളൂരുവില്‍ മലയാളികള്‍ക്ക് ചികിത്സ നിഷേധിച്ചു

കാസർഗോഡ് :സുപ്രീംകോടതി വിധിക്ക് ശേഷവും മംഗളൂരുവില്‍ മലയാളികള്‍ക്ക് ചികിത്സ നിഷേധിക്കുന്നു. കടുത്ത നിബന്ധനകളോടെ ഇരു സംസ്ഥാനങ്ങളിലെയും മെഡിക്കൽ സംഘം പരിശോധിച്ച ശേഷം കടത്തിവിട്ട രോഗികൾക്കാണ് ചികിത്സ നിഷേധിച്ചത്. ഇതോടെ ചികിത്സ തേടി മംഗളുരുവിലെത്തിയ മുഴുവന്‍ രോഗികളും നാട്ടിലേക്ക് മടങ്ങി.

കേരളത്തില്‍ നിന്നും അടിയന്തര ചികിത്സ ആവശ്യമുള്ളവരെ തലപ്പാടി വഴി കടത്തിവിടാന്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ ധാരണയായതായതിന് ശേഷം 18ആം തിയ്യതി നാല് രോഗികളെയാണ് മംഗളൂരുവിലേക്ക് കടത്തിവിട്ടത്. പ്രത്യേകം തയ്യാറാക്കിയ മാര്‍ഗരേഖ അനുസരിച്ച് വിദഗ്ധ മെഡിക്കല്‍ സംഘം പരിശോധിച്ച ശേഷമാണ് രോഗികളെ അതിർത്തി വഴി കടത്തിവിട്ടത്. ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതായി ആരോപിച്ചു 18ന് തന്നെ മൂന്ന് രോഗികള്‍ മടങ്ങിയിരുന്നു. മംഗളൂരുവിലെ കെ എസ് ഹെഗ്ഡെ മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ച നാലാമത്തെ രോഗി ഇന്നലെ രാത്രിയോടെയാണ് ആശുപത്രിയില്‍ നിന്നും മടങ്ങിയത്.

കേരളത്തില്‍ നിന്നുള്ള രോഗികളോട് കര്‍ണാടക സര്‍ക്കാരിന്റെ അനീതി തുടരുകയാണ്. സുപ്രീംകോടതി ഇടപെട്ട ശേഷവും കര്‍ണാടക ചികിത്സാ സൌകര്യം ഒരുക്കുന്നില്ല. കെ എസ് ഹെഗ്ഡെ മെഡിക്കല്‍ കോളേജില്‍ മാത്രമെ ചികിത്സ അനുവദിക്കുകയുള്ളു എന്നതടക്കമുള്ള കര്‍ണാടകയുടെ കടുത്ത നിബന്ധനകള്‍ കാരണം കഴിഞ്ഞ നാല് ദിവസമായി കേരളത്തില്‍ നിന്നും ആരും ചികിത്സ തേടി മംഗളൂരുവിലേക്ക് പോയിട്ടില്ല.

 

error: Content is protected !!