ലോക്ക്ഡൌണ്‍ ലംഘിച്ച് കര്‍ണാടകയില്‍ നിന്ന് കാട്ടിടവഴികളിലൂടെ നിരവധി പേര്‍ കണ്ണൂരിലേക്കെത്തുന്നു.

കണ്ണൂർ : ലോക്ക്ഡൌണ്‍ ലംഘിച്ച് കര്‍ണാടകയില്‍ നിന്ന് കാട്ടിടവഴികളിലൂടെ നിരവധി പേര്‍ കണ്ണൂരിലേക്കെത്തുന്നു. ഗോണിക്കുപ്പ മേഖലയില്‍ കൃഷിപ്പണിക്ക് പോയ മലയാളികളാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നാട്ടിലേക്ക് എത്തുന്നത്. ഇരിട്ടി ഉളിക്കല്‍ ഭാഗങ്ങളിലേക്ക് കഴിഞ്ഞ ഒരാഴ്ചക്കിടെ എത്തിയത് നാല്‍പ്പതോളം പേര്‍. വനത്തിലൂടെയുളള വഴി കാണിച്ച് കൊടുക്കാന്‍ പണം പറ്റി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും പരാതി.

കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിനും ആരോഗ്യവകുപ്പിനും തലവേദന സൃഷ്ടിച്ച് കര്‍ണാടക വനമേഖലയിലൂടെ നിരവധി മലയാളികളാണ് ദിവസവും ജില്ലയിലേക്ക് എത്തുന്നത്. ഗോണിക്കുപ്പ മേഖലയില്‍ കുരുമുളക് പറിക്കുന്നതിനും ഇഞ്ചി കൃഷിക്കുമായി പോയവരാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് നാട്ടിലെത്തുന്നത്. ഉളിക്കല്‍ പഞ്ചായത്തിലെ കാലാങ്കിയില്‍ നിന്നും ഏതാണ്ട് പതിനഞ്ച് കിലോമീറ്റര്‍ ദൂരമാണ് കര്‍ണാടക അതിര്‍ത്തിയിലേക്കുളളത്. ഈ വനമേഖലയിലൂടെ കാല്‍നടയായാണ് ആളുകള്‍ നാട്ടിലേക്കെത്തുന്നത്.

കാട്ടിലൂടെയുളള വഴി കാട്ടി കൊടുക്കാന്‍ വന്‍തുക പ്രതിഫലം പറ്റി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. നാല്‍പതോളം പേരാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത്തരത്തില്‍ നാട്ടിലെത്തിയത്. ഇവരെ നിലവില്‍ ഇരിട്ടിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ആറളം ഫാം മേഖലയില്‍ നിന്നടക്കം കൃഷിപ്പണിക്ക് പോയ നിരവധി പേര്‍ കര്‍ണാടകയുടെ വിവിധ മേഖലകളില്‍ ഇപ്പോഴും കുടുങ്ങിക്കിടപ്പുണ്ട്. ഇവര്‍ക്ക് ഭക്ഷണമടക്കമുളള അടിസ്ഥാന സൌകര്യങ്ങള്‍ ലഭിക്കുന്നില്ലെന്നും നാട്ടിലെത്തിയവര്‍ പറയുന്നു.

error: Content is protected !!