ലോക്ക് ഡൗണ്‍ ലംഘനം: മലപ്പുറത്ത് 42 അറസ്റ്റ്, പതിമൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തു

മലപ്പുറം: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് മലപ്പുറത്ത് ഉച്ചവരെ 42 പേര്‍ അറസ്റ്റില്‍. പതിമൂന്ന് വാഹനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തത്. ജില്ലയില്‍ ലോക്ക് ഡൗണ്‍ കാലാവധി തീരുന്ന മെയ് മൂന്ന് വരെ നിലവിലെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മലിക്ക് അറിയിച്ചിട്ടുണ്ട്.
പതിമൂന്ന് കേന്ദ്രങ്ങളാണ് അതി തീവ്രമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.
ഏപ്രില്‍ 20 ന് ശേഷം നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭാഗികമായ ഇളവുകളൊന്നും ജില്ലയില്‍ ബാധകമാവില്ല. കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
രോഗം സ്ഥിരീകരിച്ചവരുടേയും സമ്പര്‍ക്കം പുലര്‍ത്തിയവരുടേയും നിരീക്ഷണ കാലയളവ് പൂര്‍ത്തിയായിട്ടില്ല. അതി തീവ്രമേഖലകളായ പഞ്ചായത്തുകളിലും നഗരസഭകളിലും അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ അനുവദിക്കില്ല. അത്യാവശ്യ യാത്രകള്‍ മാത്രമെ രോഗബാധിത പഞ്ചായത്തുകള്‍ക്ക് അകത്തും അനുവദിക്കുന്നുള്ളൂ. പുറത്തിറങ്ങുന്നവരെ പൊലീസ് കര്‍ശനമായി പരിശോധിക്കും . അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും .
അതേസമയം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന ആള്‍ ഇന്ന് വീട്ടിലേക്ക് മടങ്ങും. വിദഗ്ധ ചികിത്സക്ക് ശേഷം കൊവിഡ് രോഗമുക്തനായ കല്‍പകഞ്ചേരി കന്മനം തൂവ്വക്കാട് സ്വദേശി പാറയില്‍ അബ്ദുള്‍ ഫുക്കാര്‍ ആണ് ഇന്ന് ആശുപത്രി വിടുന്നത്. തുടര്‍ച്ചയായുള്ള മൂന്ന് ടെസ്റ്റിലും ഇയാളുടെ ഫലം നെഗറ്റീവായിരുന്നു.