കെ.എം ഷാജിക്ക് വികൃതമനസ്സെന്ന് പിണറായി:ദുരിതാശ്വാസനിധിയില്‍ നിന്ന് പണമെടുത്തല്ല കേസുകള്‍ നടത്തുന്നത്.

കെ.എം ഷാജി എം.എല്‍.എക്ക് വികൃതമനസ്സെന്ന് പിണറായി വിജയന്‍. ഷാജിയുടേത് പൊതുപ്രവര്‍ത്തകനില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്ത വാക്കുകളെന്ന് പിണറായി പറഞ്ഞു. ദുരിതാശ്വാസനിധിയില്‍ നിന്ന് പണമെടുത്തല്ല കേസുകള്‍ നടത്തുന്നത്. പാവങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും പരാമര്‍ശം ലീഗ് ഗൗരവമായി എടുക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കെ.എം.ഷാജി ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലേ എന്ന് മാധ്യമപ്രവര്‍ത്തകരോട് ആരാഞ്ഞ മുഖ്യമന്ത്രി ഷാജിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് പത്രസമ്മേളനത്തില്‍ വായിക്കുകയും ചെയ്തു. ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്ന് പ്രതീക്ഷിക്കാൻ സാധിക്കുന്ന കാര്യമാണോ ഈ വാചകങ്ങള്‍ എന്നുചോദിച്ച മുഖ്യമന്ത്രി തനിക്കിത് വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

നമ്മുടെ സംസ്ഥാനത്ത് എം.എല്‍.എയായിരിക്കുന്ന ഒരാളില്‍ നിന്ന് ഇത്തരം ഒരു വാചകം വരുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? എനിക്കിത് വിശ്വസിക്കനേ കഴിയുന്നില്ല. കെ.എം ഷാജി ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടുമെന്ന് വിശ്വസിക്കാനാവുന്നില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇവിടെ കെ.എം ഷാജിയുടെ പാര്‍ട്ടി പൂര്‍ണമായി സഹകരിച്ച് നില്‍ക്കുകയാണ്. എല്ലാതരത്തിലും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളോട് പൂര്‍ണമായി സഹകരിക്കുകയാണ്. ഇന്നലെ പോലും സംസ്ഥാനത്ത ആകെയുള്ള ആംബലുന്‍സുകളുടെ എണ്ണം അവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചിട്ടുണ്ട്. ഞാനത് എല്ലാ ജില്ലാകലക്ടര്‍മാര്‍ക്കും വിവരം നല്‍കിയിരിക്കുകയാണ്. കാരണം ആ ആംബുലന്‍സുകളെല്ലാം കോവിഡ് പ്രതിരോധത്തിന് വേണ്ടി ഉപയോഗിക്കാം.

ഇത്തരമൊരു ഘട്ടത്തില്‍ ഇതുപോലൊരു കാര്യം, ശുദ്ധ നുണ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണോ വക്കിലീന് ഫീസുകൊടുക്കുന്നത്. എന്തിനാണ് അങ്ങനെ ഒരു നുണ അവതരിപ്പിക്കുന്നത്. എന്തിനാണ് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. പാവപ്പെട്ട ഒരുപാട് ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. ഈ സാങ്കേതിക കാര്യങ്ങളൊന്നും അറിയാത്ത ധാരാളം ആളുകള്‍. എന്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, എങ്ങനെയാണ് വക്കീലിന് ഫീസ് കൊടുക്കുന്നത് അറിയാത്ത നിരവധി പേരുണ്ട്. അവരെ തെറ്റിദ്ധരിപ്പിക്കാനാണ് ഷാജിയുടെ ശ്രമം. അതാണോ വേണ്ടത്. ഇതുപോലരു നിലപാട് എന്തുകൊണ്ട് എടുത്തു എന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ ഗൗരവമായി ആലോചിക്കണം ഇത്തരമൊരുഘട്ടത്തില്‍. ചിലവികൃതമനസുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അതാണ് സമൂഹമെന്നുകാണരുത്. അതാണ് നാട് എന്ന് തെറ്റിദ്ധരിക്കരുത്. നാടാകെ ഈ പ്രതിരോധത്തില്‍ ഒന്നിച്ചുനില്‍ക്കുകയാണ്. ചിലര്‍ ഒറ്റപ്പെട്ട രീതിയില്‍ എന്തെങ്കിലും ശബ്ദമുണ്ടാക്കിയാല്‍ അതാണ് ഏറ്റവും വലിയ ശബ്ദമെന്ന് കാണേണ്ടതില്ല. നമുക്കിതിനെ ഒന്നിച്ച് നേരിടാനാവും ഒന്നിച്ച് അതീജിവിക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!