കൊവിഡ് 19: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതലായി ശ്രദ്ധ നല്‍കുന്നുണ്ട്. ഇവരെ ഐസൊലോറ്റ് ചെയ്ത് ചികിത്സിച്ച് രോഗം ഭേദമാക്കിയേ വീട്ടിലേക്ക് അയക്കൂ എന്നും മന്ത്രി പറഞ്ഞു. മുന്‍ഗണനാക്രമത്തില്‍ പ്രവാസികളെ കൊണ്ടുവരും . മടങ്ങിയെത്തുന്നവരെ ക്വാറന്റൈന് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കേരളത്തില്‍ ഇതുവരെ കൊവിഡിന്റെ സമൂഹവ്യാപനമില്ലെന്നും ഉണ്ടാവില്ലെന്ന് പറയാനാവില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്നലെ 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.