മാഹി സ്വദേശിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്ന് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: കൊവിഡ് ബാധിച്ച മാഹി സ്വദേശിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തിയിരുന്നു എന്ന് മന്ത്രി കെകെ ശൈലജ. മഹറൂഫിന് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. വൃക്കസംബന്ധമായും ഹൃയദസംബന്ധമായും പ്രശ്നങ്ങളുണ്ടായിരുന്നു. ഹൈ റിസ്ക് പേഷ്യന്റായിരുന്നു. അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയാവുന്നതിന്റെ പരമാവധി ശ്രമിച്ചു. കേരളത്തില്‍ എത്തിയ നിമിഷം മുതല്‍ പരമാവധി ചികില്‍സ നല്‍കിയിരുന്നു. ചികില്‍സ വൈകിയെന്ന ആരോപണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

ഇയാള്‍ കേരളത്തിലേക്ക് ചികില്‍സ തേടി വന്നതാണ്. കുടുംബം മാഹിയിലാണുള്ളത്. കുടുംബത്തിന് ആദ്യ ടെസ്റ്റില്‍ കോവിഡ് നെ​ഗറ്റീവ് ആണെന്നുള്ളത് ആശ്വാസകരമാണ്. ഇയാളുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തിയിട്ടുണ്ട്. 83 പേരെയാണ് കണ്ടെത്തിയിട്ടുള്ളത്. അതേസമയം മഹറൂഫിന് കോവിഡ് പകര്‍ന്നത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തതയില്ലെന്ന് മന്ത്രി പറഞ്ഞു.

പനിക്ക് ചികില്‍സ തേടിയാണ് ഇയാള്‍ ആദ്യം കേരളത്തിലെത്തുന്നത്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലാണെത്തിയത്. അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് കിടത്തിചികില്‍സ ആവശ്യമാണെന്ന് കണ്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിടുകയായിരുന്നു. ഇവിടെ നിന്നാണ് ആരോ​ഗ്യനില വഷളായതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇയാള്‍ വിദേശ യാത്ര ചെയ്തിട്ടില്ല. ട്രാവല്‍ ഹിസ്റ്ററി ഇല്ലാത്തതിനാല്‍ മറ്റുള്ളവര്‍ ​ഗൗരവത്തിലെടുത്തിട്ടുണ്ടാകില്ല. അതുകൊണ്ടാകാം ആദ്യം ആശുപത്രിയില്‍ ചികില്‍സ തേടി ചെന്നപ്പോള്‍ കൊവിഡ് ടെസ്റ്റ് നടത്താതെ ഇരുന്നതെന്നാണ് മനസ്സിലാകുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇയാള്‍ സാമൂഹിക പ്രവര്‍ത്തകനാണെന്നാണ് അറിയുന്നത്. ഇയാളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാഹി ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. മാഹിയില്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്ന രണ്ടാമത്തെയാളാണ് മഹറൂഫ് എന്നും മന്ത്രി പറഞ്ഞു. മാഹി ചെറുകല്ലായി സ്വദേശിയായ മഹറൂഫ് (71) ഇന്ന് രാവിലെയാണ് പരിയാരം മെഡിക്കല്‍ കേളജില്‍ വെച്ച്‌ മരിച്ചത്.

 

error: Content is protected !!