ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാകാന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനം. ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ അംഗീകാരം നല്കി. ശമ്പളം പിടിക്കുന്നതിനായി ഓര്‍ഡിനന്‍സായി പുതിയ നിയമം കൊണ്ടുവരും. ഇനി ഗവര്‍ണറുടെ അനുമതി കൂടി ലഭിച്ചാല്‍ ഓര്‍ഡിനന്‍സ് പുറത്തിറങ്ങും. ദുരന്ത നിവാരണ നിയമപ്രകാരമാണ് മന്ത്രിസഭ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്.
ദുരന്തമുണ്ടെന്ന് പ്രഖ്യാപിച്ചാല്‍ 25 ശതമാനം വരെ ശമ്പളം മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിലവിലെ സര്‍ക്കാര്‍ നടപടി നിയമപരമാക്കാനാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.
ഹൈക്കോടതി ചൂണ്ടിക്കാട്ടിയതുപോലെ നിയമപരമായ നടപടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ശമ്പളം തിരിച്ചു നല്‍കുന്നത് ആറു മാസത്തിനകം തീരുമാനിച്ചാല്‍ മതിയെന്നും തോമസ് ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു.