ലോക്ക് ഡൗണിൽ വാഹനം പിടിച്ചെടുക്കുന്നതിന് പകരം പിഴ ചുമത്തും, കണ്ണട ഷോപ്പുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ തുറക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം :സംസ്ഥാനത്ത് ലോക്ക്ഡൌണ്‍ ലംഘനത്തിന് പിടികൂടുന്നവരുടെ വാഹനം സൂക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. വാഹനം പിടിച്ചെടുക്കുന്നതിന് പകരം പിഴ ചുമത്തി പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു .

മറ്റൊരു പ്രധാന പ്രശ്നം കണ്ണട ഉപയോഗിക്കുന്നവര്‍ക്ക് കണ്ണട ഷോപ്പുകളില്‍ പോകാന്‍ പറ്റുന്നില്ല എന്നതാണ്. ഈ സാഹചര്യം പരിഗണിച്ച് കണ്ണട ഷോപ്പുകള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുന്ന കാര്യം പരിഗണനയിലുണ്ട്.

അതേ സമയം സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 4, ആലപ്പുഴ 2, പത്തനംതിട്ട 1, തൃശൂര്‍-1, കാസര്‍കോട്-1 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ വിദേശത്ത് നിന്നും വന്നവരും രണ്ടു പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തിൽ പങ്കെടുത്തവരും 3 പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം ബാധിച്ചത്. ഇന്ന് 13 പേര്‍ക്ക് രോഗം ഭേദമായി. രോഗം ബാധിച്ച് ചികിത്സയിലുള്ളത് 259 പേരാണ്. 140470 പേരാണ് നീരീക്ഷണത്തിലുള്ളത്.

169 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാമുദ്ദീന്‍ സമ്മേളനത്തിൽ പങ്കെടുത്ത 212 പേരെ തിരിച്ചറിഞ്ഞു. ഇതില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി 300 കിടക്കകളോട് കൂടി ആശുപത്രി സൌകര്യങ്ങള്‍ക്ക് 273 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒ.പി, ഐ.പി സേവനങ്ങള്‍ ഇവിടെ ലഭ്യമാക്കും. അനുവദിച്ച 50 ശതമാനം തസ്തികകളില്‍ ഉടനെ ജീവനക്കാരെ നിയമിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 99 നിയമന ഉത്തരവ് അയച്ചു. ഇവര്‍ക്ക് അടിയന്തര നിയമന ഉത്തരവ് നൽകും. പരിശോധനാ കിറ്റുകള്‍ക്ക് ക്ഷാമമുണ്ടാകില്ല. 20,000 കിറ്റ് ഐ.സി.എം.ആര്‍ വഴി നാളെ ലഭിക്കും. ഇന്ന് 1940 ചരക്ക് ലോറികള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇന്നലത്തേതില്‍ നിന്ന് വര്‍ധനവുണ്ടായിട്ടുണ്ട്.

കാസര്‍കോട് അതിര്‍ത്തിയിൽ നമ്മുടെ ഡോക്ടര്‍മാര്‍ സജീവമായി രംഗത്തുണ്ട്. കോവിഡ് സര്‍ട്ടിഫിക്കറ്റ് കിട്ടാതെ വരുന്ന സാഹചര്യമുണ്ടാകില്ല. അത്യാവശ്യമായുള്ളവരും കര്‍ണാടകത്തിൽ ചികിത്സ നടത്തുന്നവരുമാണ് അങ്ങോട്ട് പോകേണ്ടത്. കര്‍ണാടകത്തിലെത്തിയ ചില രോഗികളുടെ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടു. അത് കര്‍ണാടക സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധിയാണ്. പ്രവാസി മലയാളികള്‍ കൂടുതലായുള്ള സ്ഥലങ്ങളില്‍ 5 കോവിഡ് ഹെല്‍പ്പ് ഡസ്ക് നോര്‍ക്ക ആരംഭിച്ചിട്ടുണ്ട്. ഈ ഹെല്‍പ് ഡസ്കുമായി സഹകരിക്കണമെന്ന് ഇന്ത്യന്‍ അംബാസിഡര്‍മാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി ചികിസ്ത ലഭ്യമാകും. വീഡിയോ, ഓഡിയോ കോളിലൂടെ രോഗികള്‍ക്ക് ഡോക്ടര്‍മാരെ ബന്ധപ്പെടാന്‍ കഴിയും. ഇന്ത്യന്‍ സമയം ഉച്ചക്ക് 2 മുതല്‍ 6 വരെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. മലയാളി വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ സൌകര്യം ഏര്‍പ്പെടുത്തും. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും വിമാന യാത്രാക്കൂലി ഇളവും വരുത്തും.

വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ട്. അടിയന്തര നടപടി സ്വീകരിക്കാന്‍ വനം വകുപ്പിന് നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ രക്തം കിട്ടാതെ വരുന്നുണ്ട്. രക്തദാനത്തിന് താല്‍പര്യമുള്ളവര്‍ മുന്നോട്ട് വരണം. മൊബൈല്‍ യൂണിറ്റ് വഴിയും രക്തം ശേഖരിക്കാനുള്ള വഴിയുണ്ടാക്കും. . ഉപയോഗിച്ച ഗ്ലൌസുകളും മാസ്കുകളും പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നത് വ്യാപകമാകുന്നു. വൈറസ് ഇതില്‍ നിലനില്‍ക്കും. അതുകൊണ്ട് തന്നെ ഇത് ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നതാണ്. ഇത് നിര്‍ത്തണം. അലക്ഷ്യമായി ഒന്നും വലിച്ചെറിയരുത്.

തണ്ണിത്തോട് കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടിന് നേരെ ആക്രമണമുണ്ടായി. ഇത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരെ വ്യാപക പ്രചാരണം നടന്നു. കുട്ടിയുടെ അച്ഛന് വധഭീഷണി വരെയുണ്ടായി. ജീവന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ആക്രമണമുണ്ടായത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. അക്രമികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസിനൊപ്പം നാടും നാട്ടുകാരും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രംഗത്ത് വരണം. ഇത്തരം അക്രമികളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണം.

വൃദ്ധ സദനം പോലുള്ള സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ ശന്പളം ലഭിക്കുന്നില്ലെന്ന പരാതി ഉണ്ട്. ആ ശമ്പളം നല്‍കുന്നതിനുള്ള തീരുമാനമായിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ പദ്ധതിയിൽ അംശാദായം അടക്കുന്നതിനുള്ള കാലാവധി നീട്ടും. കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റുകള്‍ നീട്ടിക്കൊടുക്കും. വേനല്‍മഴ നല്ലതാണ്. എന്നാല്‍ പലഇടങ്ങളിലും കൃഷി നാശം സംഭവിച്ചു. മഴ ലഭിക്കുന്നതോടെ കൃഷി തുടങ്ങാനുള്ള സമയം കൂടിയാണ്. വളവും കാര്‍ഷിക ഉപകരണങ്ങളും ലഭ്യമാക്കും. കുട്ടനാടും തൃശൂരിലും കൊയ്ത്തു നടക്കുന്നുണ്ട്. ചില ഇടങ്ങളില്‍ പ്രശ്നം കണ്ടു. തടസമില്ലാതെ കൊയ്ത്ത് നടക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയില്‍ വിദ്യാഭ്യാസ വകുപ്പ് ഇടപെടും. സംസ്ഥാനത്ത് പൊലീസ് മികച്ച സേവനമാണ് നടത്തുന്നത്. എന്നാല്‍ ചില തെറ്റായ പ്രവണതകള്‍ അപൂര്‍വമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഔചിത്യ പൂര്‍ണമായ ഇടപെടലാണ് ഉണ്ടാകേണ്ടത്. അതാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലായ്പ്പോഴും തുറക്കണം. ഓഫീസുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കണം. മത്സ്യ വില്‍പ്പനയുടെ കാര്യത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കും. എല്ലാ മത്സ്യവും അഴുകിയതാണെന്ന് കരുതി നശിപ്പിക്കരുത്. കേടായതാണെന്ന് ഉറപ്പ് വരുത്തണം. എന്നിട്ട് വേണം നടപടി.

ഈ ദുരിതകാലത്തും ചിലർ രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നുവെന്ന ആരോപണവും പ്രചാരണവും നടക്കുന്നു. നാട്ടിൽ അത്തരം പരാതി ഇല്ല. അതിഥി ദേവോ ഭവ ഇതാണ് നമ്മള്‍ എല്ലാകാലത്തും സ്വീകരിച്ചിട്ടുള്ളത്. മാന്യമായ താമസസ്ഥലം, വൈദ്യ സഹായം, ഭക്ഷണം എന്നിവ നല്‍കുക തന്നെ ചെയ്യും. ഇത് കൊണ്ടൊന്നും അതിഥി തൊഴിലാളികള്‍ തൃപ്തരാകുന്നില്ല. അവര്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോകാനാണ് ആഗ്രഹം. ഇവര്‍ക്ക് തിരികെ പോകാനുള്ള പ്രത്യേക ട്രെയിൻ ലോക് ഡൌണ്‍ തീരുന്ന മുറക്ക് അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇക്കാര്യം പ്രധാനമന്ത്രിയോട് വീണ്ടും ആവശ്യപ്പെടും. സംസ്ഥാനത്ത് പരീക്ഷകളും മൂല്യനിര്‍ണയങ്ങളും നടക്കേണ്ടതുണ്ട്. പരീക്ഷകളും മൂല്യനിര്‍ണയവും ഓണ്‍ലൈന്‍ വഴി ആക്കാന്‍ പറ്റുമോ എന്ന് ആലോചിക്കുന്നുണ്ട്. ഇത് വിദ്യാഭ്യാസ വകുപ്പിനെ ഏല്‍പ്പിച്ചു കഴിഞ്ഞു. കലാകാരന്മാര്‍ക്ക് പ്രതിമാസം 1000 രൂപ നിരക്കിൽ രണ്ടു മാസത്തേക്ക് ധനസഹായം നല്‍കും. സാംസ്കാരിക പ്രവര്‍ത്തക ക്ഷേമ നിധിയില്‍ നിന്നും ഇതിന് തുക ഈടാക്കും. ലോക്ക്ഡൌണ്‍ മൂലം പ്രയാസത്തിലായ 70000 ത്തോളം വരുന്ന കലാകാരന്മാര്‍ക്ക് 1000 രൂപ വീതം നല്‍കും. ഒരു ക്ഷേമനിധിയും ബാധകമല്ലാത്ത വിഭാഗങ്ങൾക്ക് പ്രത്യേക സഹായം നല്‍കും. രോഗപ്രതിരോധത്തിന് ആയുർവേദം ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

error: Content is protected !!