തീവ്ര രോഗബാധിത മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര രോഗബാധിത മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാധാരണ ലോക്ക് ഡൗണ്‍ റെഡ് സോണിലാകെ ബാധകമായിരിക്കും. അതില്‍തന്നെയുള്ള പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാവും കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍- മുഖ്യമന്ത്രി അറിയിച്ചു.
തീവ്ര രോഗബാധിത മേഖലകളില്‍ കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹന പരിശോധന കർശനമാക്കും. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ ട്രോളിംഗ് ശക്തിപ്പെടുത്തും. അവശ്യസാധനങ്ങൾ പോലീസ് വാങ്ങി വീടുകളിൽ എത്തിക്കും. തീവ്ര രോഗബാധിത പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ആ വഴിയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയുണ്ടാകും.
ഒരു പ്രദേശത്തേക്ക് പല വഴിയില്‍ എത്താന്‍ കഴിയുന്ന സാഹചര്യം നിലവിലുണ്ട്. എന്നാല്‍, ഇത്തരം പ്രദേശങ്ങളിലെ ചില വഴികള്‍ അടച്ചിട്ടുണ്ട്. ഇത് കാണുമ്പോള്‍ ക്ഷോഭിക്കേണ്ട കാര്യമില്ല. സഹകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞായറാഴ്ച മുതൽ ചൊവ്വാഴ്ചവരെ അറുപതു മണിക്കൂർ നേരത്തേക്ക് ലോക്ക്ഡൗണ്‍ ശക്തിപ്പെടുത്താൻ തമിഴ്നാട് സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ അതിർത്തി ജില്ലകളിലെ പോലീസ് പരിശോധന കർശനമാക്കും. ഈ ദിവസങ്ങളിൽ തമിഴ്നാട്ടിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കില്ല. ചരക്കുവാ ഹനങ്ങളുടെ നീക്കം കഴിവതും ഒഴിവാക്കണം.