പ്രവാസികൾ തിരിച്ചുവരുന്പോൾ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കും :മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസികൾ തിരിച്ചുവരുന്പോൾ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്ഫറൻസിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
വിമാനത്താവളത്തിലെ പരിശോധനയിൽ രോഗലക്ഷണമൊന്നുമില്ലെങ്കിൽ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. വീടുകളിൽ അതിനുള്ള സൗകര്യമില്ലെങ്കിൽ സർക്കാർ നേരിട്ട് ഒരുക്കുന്ന നിരീക്ഷണ കേന്ദ്രത്തിൽ കഴിയണം. പ്രവാസികളെ പരമാവധി സഹായിക്കാൻ നോർക്ക ഹെൽപ് ഡെസ്ക് നിലവിൽ വന്നിട്ടുണ്ട്. മറ്റു രാജ്യത്ത് യാത്രാസൗകര്യമില്ലാതെ കുടുങ്ങിപ്പോയവർ നാട്ടിലേക്ക് വരാൻ വലിയതോതിൽ ആഗ്രഹിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി നിരന്തരം ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. തിരികെ നാട്ടിൽ എത്തിക്കാനുള്ള നടപടികളുടെ ഭാഗമായി കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ചല സൂചനകൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു യോഗമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വലിയ കാലതാമസമില്ലാതെ യാത്രാസൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇതിന് വിവിധ ഘട്ടങ്ങൾ ഉണ്ടാകും. അക്കാര്യത്തിൽ നാം ചിട്ട പാലിക്കണം. വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും ഒന്നിച്ചുകൊണ്ടുവരാനുള്ള വിമാന സർവീസ് ഉണ്ടാവാനിടയില്ല. റെഗുലർ സർവീസ് ആരംഭിക്കുംമുന്പ് പ്രത്യേക വിമാനത്തിൽ അത്യാവശ്യമാളുകളെ കൊണ്ടുവരണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്. ചിലപ്പോൾ ആദ്യഘട്ടം ഒരുവിഭാഗം ആളുകളെ മാത്രമായിരിക്കും കൊണ്ടുവരിക. അങ്ങനെയാകുന്പോൾ ഏതുവിധത്തിൽ യാത്രക്കാരെ ക്രമീകരിക്കുമെന്നത് പ്രായോഗിക ബുദ്ധിയോടെ ആലോചിക്കേണ്ട പ്രശ്നമാണ്. എന്നാൽ, എല്ലാവരും നാട്ടിലേക്ക് വരണമെന്നാണ് സർക്കാരിന്റെ ആഗ്രഹംമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാൻ നോർക്ക വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ പേര് രജിസ്റ്റർ ചെയ്താൽ കൊണ്ടുവരേണ്ട ആൾക്കാരുടെ കാര്യത്തിൽ ആശയക്കുഴപ്പമില്ലാതെ മുൻഗണനാക്രമം തീരുമാനിക്കാനാകും. വിമാനം കയറുന്നതുമുതൽ വീട്ടിലെത്തുന്നതുവരെ ഉപകരിക്കുന്ന സംവിധാനമാകും ഇത്. എയർപോർട്ടിലെത്തുന്ന പ്രവാസികൾക്ക് വിമാനത്താവളത്തിൽ തന്നെ സ്ക്രീനിംഗ് നടത്താൻ സജ്ജീകരണം ഒരുക്കും.
നാട്ടിലെത്തുന്ന പ്രവാസിയെ സ്വീകരിക്കുന്ന ഏർപ്പാടുകൾ പാടില്ല. സ്വന്തം വാഹനം വരികയാണെങ്കിൽ ഡ്രൈവർ മാത്രമേ പാടുള്ളൂ. വീട്ടിലേക്ക് പോകുന്ന പ്രവാസി നേരെ വീട്ടിലേക്കായിരിക്കണം പോകേണ്ടത്. ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെ അതിനിടയിൽ സന്ദർശിക്കരുത്. രോഗലക്ഷണത്തോടെ നിരീക്ഷണകേന്ദ്രത്തിലേക്ക് പോകേണ്ടിവരുന്നവരെ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും. അത്തരക്കാരെ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. അവരുടെ ലഗേജ് ബന്ധപ്പെട്ട സെന്ററുകളിൽ ഭദ്രമായി സൂക്ഷിക്കും.
ലേബർ ക്യാന്പിൽ ജോലിയും വരുമാനവുമില്ലാതെ കഴിയുന്ന സാധാരണ തൊഴിലാളികൾ, വിസിറ്റിംഗ് വീസ കാലാവധി കഴിഞ്ഞവർ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു രോഗമുള്ളവർ, വീസ കാലാവധി പൂർത്തിയാക്കപ്പെട്ടവർ, കോഴ്സ് പൂർത്തിയാക്കി സ്റ്റുഡന്റ് വീസയിൽ കഴിയുന്ന വിദ്യാർഥികൾ, ജയിൽ മോചിതരായവർ എന്നിവർക്ക് മുൻഗണന നൽകേണ്ടതുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനം നിർണായകമാണ്.
യാത്ര ആരംഭിക്കുന്നതിനു മുന്പ് പരിശോധന നടത്തുന്നുണ്ടെങ്കിൽ അതിനുള്ള തയ്യാറെടുപ്പും നടത്തേണ്ടതുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്പോൾ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്ക് തന്നെ എടുക്കണം. കപ്പൽ മാർഗമുള്ള യാത്ര ആരംഭിക്കുന്നതിന് കേന്ദ്രവുമായി ചർച്ച ചെയ്യും. യാത്രയുമായി ബന്ധപ്പെട്ട ടിക്കറ്റ് എടുക്കൽ, മുൻഗണനാക്രമം നിശ്ചയിക്കൽ, നോർക്ക രജിസ്ട്രേഷൻ, വിമാനത്താവള സ്ക്രീനിംഗ്, ക്വാറന്ൈറൻ സൗകര്യം, വീട്ടിലേക്ക് പോകേണ്ടിവന്നാൽ അവിടെ ഒരുക്കേണ്ട സൗകര്യം എന്നീ കാര്യങ്ങളിലെല്ലാം ഹെൽപ് ഡെസ്ക്കുകൾ സഹായിക്കണം.
ഇന്ത്യൻ കമ്യൂണിറ്റി വെൽഫേർ ഫണ്ട് പ്രവാസികളെ സഹായിക്കാൻ ഉപയോഗിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാൻ പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരിച്ചുവരുന്ന പ്രവാസികളുടെ മക്കൾക്ക് കേരളത്തിലെ വിദ്യാലയങ്ങളിൽ പ്രവേശനം ആവശ്യമാണെങ്കിൽ സർക്കാർ അതു ഉറപ്പാക്കുമെന്നും അക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.