കേരള കര്‍ണാടക അതിര്‍ത്തി പ്രശ്‌നം പരിഹരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും രോഗികളെ ചികിത്സയ്ക്കായി അതിര്‍ത്തി കടത്തി വിടുന്നതുമായി ബന്ധപ്പെട്ട് കേരളവും കര്‍ണാടകവും തമ്മിലുണ്ടായ പ്രശ്‌നം പരിഹരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ തലപ്പാടി വഴി കര്‍ണാടകയിലേക്ക് കടത്തി വിടാന്‍ തീരുമാനമായതായും അതിനുള്ള പ്രോട്ടോകോള്‍ നിശ്ചയിച്ചതായും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാരുടെ സംയുക്ത യോഗത്തിലാണ് തര്‍ക്ക പരിഹാരമുണ്ടായതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ വിശദീകരണത്തെ തുടര്‍ന്ന് കോടതി ഹരജി തീര്‍പ്പാക്കി.
ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരെയും വിളിച്ചിരുത്തി പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.