ഓപ്പറേഷന്‍ സാഗര്‍ റാണി: ഇന്ന് 15 ടണ്‍ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് പഴകിയ മത്സ്യം കണ്ടെത്താനുള്ള പരിശോധനയായ ഓപ്പറേഷന്‍ സാഗര്‍ റാണി പുരോഗമിക്കുന്നു. തൃശൂരില്‍ നിന്ന് മാത്രം ഇന്ന് പിടികൂടി നശിപ്പിച്ചത് 15 ടണ്‍ പഴകിയ മത്സ്യമാണ്. ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ലോക് ഡൌണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പഴകിയ മത്സ്യം എത്തുന്നത് വ്യാപകമായിരുന്നു. ഇത് തടയാനായാണ് ഓപ്പറേഷന്‍ സാഗര്‍ റാണിക്ക് രൂപം നല്‍കിയത്. ഓരോ ദിവസവും പരിശോധനയില്‍ ടണ്‍കണക്കിന് പഴകിയ മത്സ്യമാണ് പിടികൂടി നശിപ്പിക്കുന്നത്. ഇന്നലെ രാത്രി തൃശൂര്‍ വാടാനപ്പള്ളിയില്‍ ഒഡീഷയില്‍ നിന്നെത്തിച്ച 15000 കിലോ മത്സ്യമാണ് പിടികൂടിയത്. എട്ട് ലക്ഷം രൂപ വിലവരുന്ന മത്സ്യം ഇന്ന് രാവിലെ നശിപ്പിച്ചു. വാടാനപ്പള്ളി മത്സ്യ മാർക്കറ്റ് അടച്ചു പൂട്ടി. ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് അഴുകിയ മത്സ്യം വരുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
തൃശൂർ കുന്നംകുളം തുറക്കുളം മാർക്കറ്റിൽ ഫുഡ് സേഫ്റ്റിയും ഫിഷറീസ് വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിൽ മാസങ്ങളോളം പഴക്കമുള്ള 300 കിലോ ഏട്ട പിടിച്ചെടുത്തു. മാർക്കറ്റ് അടക്കാൻ നഗരസഭ നോട്ടീസ് നൽകി. കോട്ടയം പായിപ്പാട് പഴകിയ മീൻ പിടിച്ചെടുത്തു. പുലർച്ചെ ലോറികളിൽ ചന്തയിൽ എത്തിച്ച മീനുകളാണ് പിടിച്ചെടുത്ത് നശിപ്പിച്ചു. കൊച്ചിയിൽ വീണ്ടും പഴകിയ മീൻ പിടികൂടി. ചമ്പക്കര മാർക്കറ്റിൽ നിന്നാണ് 50 കിലോ പഴകിയ മീന്‍ പിടികൂടിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന.