സംസ്ഥാനത്ത് ഇനി ഗ്രീൻ സോൺ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം :സംസ്ഥാനത്ത് ഇനി ഗ്രീൻ സോൺ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ അവസാനിക്കുന്ന മെയ് മൂന്നു വരെ സംസ്ഥാനത്ത് ഒരു പ്രദേശത്തും ഗ്രീൻ സോണായി തിരിക്കേണ്ടതില്ലെന്നാണ് കണ്ടിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
തൃശൂരിലും ആലപ്പുഴയിലും കോവിഡ് രോഗികളില്ലാതായതോടെ ഇവിടങ്ങളെ ഗ്രീൻ സോണായി പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഗ്രീൻ സോണായി പ്രഖ്യാപിച്ച കോട്ടയത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഇനി ഗ്രീൻ സോൺ വേണ്ടെന്ന തീരുമാനത്തിൽ എത്തിയത്.
കോവിഡ് രോഗികൾ രോഗം ഭേദമായി ആശുപത്രിവിട്ടാലും അവിടെ നിരീക്ഷണത്തിൽ കഴിയുന്നവരുണ്ടാകും. അവർ പോസിറ്റീവ് ആകാൻ സാധ്യതയുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് തീരുമാനമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.