കോവിഡ് 19 : നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ
കോഴിക്കോട്: കോവിഡ് 19 ബാധിച്ച് കോഴിക്കോട് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതോടെ രണ്ട് സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ ക്വാറന്റൈനിലാക്കി. കുട്ടിയെ ചികിത്സിച്ച മഞ്ചേരിയിലെ രണ്ട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ അടക്കമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്.
മഞ്ചേരി പയ്യനാട് സ്വദേശികളുടെ കുഞ്ഞാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. ഏപ്രില്‍ 17ന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ന്യൂമോണിയ കണ്ടെത്തിയതോടെ മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയിരുന്നു.
ഏപ്രിൽ 21ന് കുട്ടിക്ക് അപസ്മാരം ഉണ്ടായതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അധികൃതർ മുൻകരുതൽ നടപടികളുടെ ഭാഗമായിയാണ് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്.